ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; ആദ്യ മത്സരത്തില്‍ ഇന്ത്യയെ ജസ്പ്രിത് ബുമ്ര നയിക്കും

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ജസ്പ്രിത് ബുമ്ര നയിക്കും . ഭാര്യ റിതികയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ തുടരുന്ന രോഹിത് ശര്‍മ ആദ്യ ടെസ്റ്റ് കളിക്കില്ല. അതേസമയം, ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ രോഹിത്തുണ്ടാവും. ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

രോഹിത് ഇല്ലെന്ന് ഉറപ്പിച്ചതോടെ ആരൊക്കെ ഓപ്പണ്‍ ചെയ്യുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരിശീലനത്തിനിടെ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതും ഇന്ത്യക്ക് തിരിച്ചടിയായി. ഗില്ലിനും ആദ്യ ടെസ്റ്റ് കളിക്കാനാവില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹര്യത്തില്‍ യശസ്വസി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മലയാളിതാരം ദേവ്ദത്ത് പടിക്കല്‍ മൂന്നാം സ്ഥാനത്ത് കളിച്ചേക്കും. ശേഷിക്കുന്ന സ്ഥാനങ്ങളില്‍ മാറ്റമുണ്ടാവില്ല. വിരാട് കോലി നാലാം സ്ഥാനത്ത് കളിക്കും.

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും ടീമിലെ ഏക സ്പിന്നര്‍. നാല് പേസര്‍മാര്‍ ടീമിലുണ്ടാവും. അതിലൊരാള്‍ പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും. ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരായിരിക്കും ടീമിലെ മറ്റു പേസര്‍മാര്‍.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

https://twitter.com/mufaddal_vohra/status/1858102951241261059