ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിങ്‌സ് പോരാട്ടം

ഐ പി എല്ലിൽ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് രാജസ്ഥാൻ ഇറങ്ങുന്നതെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. ഇന്ത്യൻ സമയം രാത്രി 7.30 ഗുവാഹത്തി ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ രാജസ്ഥാനു വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ ബട്‌ലറും ജയ്‌സ്വാളും ക്യാപ്റ്റന്റെ റോൾ ഭംഗിയാക്കിയ സഞ്ജു സാംസന്റെ പ്രകടനം എതിരാളികൾ കരുതലോടെ ആണ് നോക്കി കാണുന്നത്. ഷിമ്രാൻ ഹെറ്റ്മെയർ, ദേവദത്ത് പടിക്കൽ, റിയാൻ പരാഗ് തുടങ്ങിയ പ്രതിഭാധനന്മാർ കൂടി ചേരുന്നതോടെ ബാറ്റിംഗ് നിരയ്ക്ക് ഏത് ബൗളിംഗ് നിരയെയും തകർക്കാനാകും.

പഞ്ചാബിന്റെ ബാറ്റിംഗ് ഓർഡറും വളരെ ശക്തമാണ്. ശിഖർ ധവാനൊപ്പം ഭാനുക രാജപക്‌സെയെപ്പോലുള്ള ബാറ്റ്‌സ്മാൻമാരും പഞ്ചാബ് ടീമിലുണ്ട്. എന്നാൽ മറുവശത്ത് രാജസ്ഥാൻ റോയൽസിന് ആർ.അശ്വിൻ, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയ മികച്ച സ്പിന്നർമാർ ഉണ്ട്. ആദ്യ മത്സരത്തിൽ യുസ്വേന്ദ്ര ചാഹൽ 4 വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് കിങ്സിന് വേണ്ടി കഴിഞ്ഞ കളിയിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്ഷാദീപ് സിങ്, സാം കരൺ എന്നിവരും കൊൽക്കത്തക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇരു ടീമുകളും തമ്മിൽ കടുത്ത മത്സരമാണ് ഇന്ന് കാണാനാവുക.