വന്‍ അഴിച്ചുപണിക്ക് ആര്‍സിബി; പ്രമുഖരെ കയ്യൊഴിയും, കെ എല്‍ രാഹുല്‍ തിരിച്ചെത്തിയേക്കും

ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തില്‍ വന്‍ അഴിച്ചുപണികള്‍ നടത്താനൊരുങ്ങുകയാണ് ഗ്ളാമർ ക്ലബ് ആയ ആർ സി ബി. കഴിഞ്ഞ സീസണിലെ വമ്പന്‍ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തില്‍ ഐപിഎല്ലില്‍ കന്നികിരീടമെന്ന വലിയ ലക്ഷ്യത്തിലേക്ക് കച്ച കെട്ടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആരാധകരെ ഇനിയും നിരാശയിലാഴ്ത്തരുതെന്ന വലിയ ദൗത്യം ഏറ്റെടുക്കാനൊരുങ്ങുകയാണ്.

മെഗാ താരലേലത്തിന് മുന്നോടിയായി ആര്‍സിബി ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തും ആരെയെല്ലാം കൈവിടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാല്‍പത് പിന്നിട്ട നായകന്‍ ഫാഫ് ഡുപ്ലസിയെ ആർ സി ബി ഈ സീസണിൽ കൈവിടും. ഇതോടെ ആര്‍ സി ബിക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവരും. രാഹുലിനെ തിരിച്ചെത്തിക്കാന്‍ ആര്‍സിബി ശ്രമിച്ചേക്കും. പ്രതീക്ഷിച്ച മികവിലേക്ക് എത്താത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെും ആര്‍സിബി ഒഴിവാക്കിയേക്കും.

2022 ലെ മെഗാതാരലേലത്തിലായിരുന്നു‌ ഡു പ്ലെസിസിനെ ആർസിബി സ്വന്തമാക്കിയത്. പിന്നാലെ ക്യാപ്റ്റനായി അദ്ദേഹത്തെ ടീം നിയമിച്ചു. എന്നാൽ ആർസിബിയുടെ കിരീട ശാപം അവസാനിപ്പിക്കാൻ ഡു പ്ലെസിസിനും കഴിഞ്ഞില്ല. എന്നാൽ ബാറ്ററെന്ന നിലയിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനമായിരുന്നു ഡു പ്ലെസിസിന്റേത്. 2022 ൽ 468 റൺസും, 2023 ൽ 730 റൺസും, 2024 ൽ 438 റൺസും താരം നേടി.

വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, രജത് പടിദാര്‍, മുഹമ്മദ് സിറാജ്, യഷ് ദയാല്‍ തുടങ്ങിയവരെ ആർ സി ബി ഈ സീസണിലും നിലനിർത്തും. മുബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പണ്ഡ്യയെ നായകനായി നിയമിച്ചതോടെ രോഹിത് ശര്‍മ പുതിയ ടീമിലേക്ക് മാറുമെന്ന അഭ്യൂഹം ശക്തം. മുംബൈ വിടുക ആണെങ്കില്‍ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളായ രോഹിത്തിനെ സ്വന്തമാക്കാനും ആർ സിബി ശ്രമിച്ചേക്കുമെന്നു റിപ്പോട്ടുകൾ ഉണ്ട്.