‘വീരോചിത കെകെആർ’; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ചാമ്പ്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് -2024 കിരീടം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്. ഫൈനലിൽ കൊൽക്കത്ത എട്ട് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് പട വെറും 113 റൺസിൽ തകർന്നുവീണു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണിത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത അനായാസം ലക്ഷ്യത്തിലെത്തി. സൺറൈസേഴ്സ് ഉയർത്തിയ ലക്ഷ്യം മറികടക്കാൻ കൊൽക്കത്തയ്ക്ക് വെറും 10.3 ഓവറും രണ്ട് വിക്കറ്റും മതിയായിരുന്നു. ആറ് റൺസെടുത്ത സുനിൽ നരേന്റെയും 39 റൺസെടുത്ത റഹ്മനുള്ള ​ഗുർബസിന്റെയും വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.​

ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തൊട്ടതെല്ലാം പിഴച്ചു. പവർ പ്ലേ തീരുന്നതിന് മുമ്പ് അഭിഷേക് ശർമ (2), മിന്നും ഫോമിലുള്ള ട്രാവിസ് ഹെഡ് (0), രാഹുൽ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകൾ ഹൈദരാബാദിന് നഷ്ടമായി. എയ്ഡൻ മാർക്രം (20), നിതീഷ് റെഡ്ഡി (13) എന്നിവർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 19 പന്തിൽ 24 റൺസെടുത്ത പാറ്റ് കമ്മിൻസാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ആന്ദ്രേ റസ്സൽ കൊൽക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം കിരീടമാണിത്.