അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിർഭയ കേസ് പറയുന്ന ‘ഡൽഹി ക്രൈം’, രണ്ടാം സീസൺ ഈ മാസം തുടക്കം

ഇന്റർനാഷ്ണൽ എമ്മി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വെബ് സീരിസ് ‘ഡൽഹി ക്രൈമിന്റെ’ രണ്ടാം സീസൺ എത്തുന്നു. ആഗസ്റ്റ് 26-ണ് സംപ്രേഷണം ആരംഭിക്കുക. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ നെറ്റ്ഫ്ലിക്സ് പരമ്പര പ്രേക്ഷകർ പ്രീതി നേടുകയും ഒപ്പം ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ സീസണിലെ സസ്പെൻസുകൾ അഴിച്ചുകൊണ്ടായിരിക്കും രണ്ടാം സീസൺ എത്തുക. ഇന്ത്യൻ വെബ് സീരിസുകളിൽ ഏറെയും ക്രൈം സീരീസുകൾ ആണെങ്കിലും ‘ഡൽഹി ക്രൈം’ പ്രേക്ഷകർക്ക് കൂടുതൽ ബന്ധിപ്പിക്കാൻ കഴിയുന്ന കഥയാണ്. റിച്ചീ മെഹ്തയാണ് സീരീസിന്റെ സംവിധായകന്‍. ഷെഫാലി ഷായാണ് സീരീസിലെ പ്രധാന കഥാപാത്രം. നിര്‍ഭയ കേസ് അന്വേഷിക്കുന്ന കമ്മീഷണറുടെ വേഷമാണ് ഷെഫാലി അവതരിപ്പിച്ചിരിക്കുന്നത്.

ഡൽഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിത പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഷെഫാലി ഷായെ കൂടാതെ ആദില്‍ ഹുസൈന്‍, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. 2012 ഡിസംബര്‍ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസില്‍ വെച്ച്‌ ഒരു വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായി തീര്‍ന്നത്. ഗുരുതര പരുക്കുകളോടെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി ദിവസങ്ങളോളം മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേശീയ തലത്തിൽ വലിയ വിവാദങ്ങൾക്കും, സമരങ്ങൾക്കും ഹേതുവായ ഒന്നായിരുന്നു നിർഭയ കേസ്.