പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷ്

ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് വിരമിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാരീസ് ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് തന്റെ അവസാന മത്സരമാകും ഇതെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് ഈ മലയാളി സൂപ്പര്‍ താരം.കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു.

“അന്താരാഷ്ട്ര ഹോക്കിയിലെ എൻ്റെ അവസാന അധ്യായത്തിൻ്റെ ഉമ്മറപടിയിൽ നിൽക്കുമ്പോൾ, എൻ്റെ ഹൃദയം നന്ദിയും പ്രതിഫലനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ യാത്ര അസാധാരണമായ ഒന്നല്ല, എൻ്റെ കുടുംബം, സഹതാരങ്ങൾ, പരിശീലകർ, ആരാധകർ എന്നിവരിൽ നിന്നുള്ള സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്, ”ശ്രീജേഷ് തൻ്റെ 18 വർഷത്തെ കരിയർ അനുസ്മരിച്ചുകൊണ്ട് തൻ്റെ എക്സ് അക്കൗണ്ടിലെ ഒരു ത്രെഡിൽ കുറിച്ചു. “എൻ്റെ ആദ്യത്തെ കിറ്റ് വാങ്ങാൻ അച്ഛൻ ഞങ്ങളുടെ പശുവിനെ വിറ്റത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അച്ഛന്റെ ത്യാഗം എൻ്റെ ഉള്ളിൽ ഒരു തീ ആളിക്കത്തിച്ചു, കൂടുതൽ കഠിനാധ്വാനം ചെയ്യാനും വലിയ സ്വപ്നം കാണാനും എന്നെ അത് പ്രേരിപ്പിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിനായി 328 മത്സരങ്ങളാണ് ശ്രിജേഷ് കളിച്ചത്. രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടി. നാല് ഒളിംപിക്‌സില്‍ ഗോള്‍ കീപ്പറാകുന്ന ആദ്യ ഇന്ത്യന്‍ താരവും ശ്രീജേഷ് ആണ്. 2022ലെ ബർമിംഗ്ഹാം ഗെയിംസിൽ വെള്ളിയും കഴിഞ്ഞ വർഷത്തെ ഏഷ്യൻ ഗെയിംസിൽ സ്വർണവും നേടിയ ഇന്ത്യൻ ടീമിലും ശ്രീജേഷ് അംഗമായിരുന്നു. 2012ലെ ലണ്ടൻ ഒളിമ്പിക്‌സ് ശ്രീജേഷിൻ്റെ കരിയറിലെ വഴിത്തിരിവായിരുന്നു. രാജ്യത്തെ കായികതാരത്തിന് ലഭിക്കുന്ന ഉന്നത ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരവും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്.