ട്വന്റി 20 ലോകകപ്പ് കളിക്കാൻ തയ്യാർ; ദിനേശ് കാർത്തിക്ക്

ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ തയ്യാറാണെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്. “ജൂൺ ഒന്നിന് തനിക്ക് 39 വയസ് തികയും. ഈ പ്രായത്തിൽ ഇന്ത്യയ്ക്കായി മത്സരിക്കുകയെന്നത് വലിയൊരു നേട്ടമായിരിക്കും. ടീമിലിടം നേടാൻ പരമാവധി പ്രയത്നിക്കും. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ്മ, ചീഫ് സിലക്ട‌ർ അജിത് അഗാർക്കർ എന്നിവരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.” കാർത്തിക്ക് പറഞ്ഞു.

ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് നിലവിൽ ദിനേശ് കാർത്തിക്. ആർസിബിക്കു വേണ്ടി ആറ് മുതൽ എട്ട് വരെയുള്ള ബാറ്റിങ് സ്പോട്ടുകളിൽ എവിടെയെങ്കിലുമാണ് കാർത്തിക് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ടീമിന്‍റെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരനാണ്. ഈ സീസണിൽ ഇരുനൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റുമുണ്ട്. കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലായി അഞ്ചാം നമ്പറിൽ താഴെ ബാറ്റ് ചെയ്ത് മറ്റൊരു ബാറ്ററും കാർത്തിക്കിനോളം റൺസെടുത്തിട്ടില്ല. 175+ സ്ട്രൈക്ക് റേറ്റിൽ അറുനൂറിലധികം റൺസാണ് നേടിയത്. മൂന്നു സീസണുകളിലായി ലോവർ മിഡിൽ ഓർഡറിൽ 300 റൺസെങ്കിലും നേടിയിട്ടുള്ള ആർക്കും ഇത്രയും സ്ട്രൈക്ക് റേറ്റില്ല.

ഇടയ്ക്ക് കമന്‍റേറ്റർ ജോലിയും പരീക്ഷിച്ചിരുന്നെങ്കിലും ഐപിഎല്ലിലെ ഫിനിഷ് മികവിന്‍റെ ബലത്തിൽ കഴിഞ്ഞ തവണത്തെ ട്വന്‍റി20 ലോകകപ്പ് ടീമിൽ കാർത്തിക് ഇടംപിടിച്ചിരുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയുമൊന്നും പ്രകടന മികവ് അന്താരാഷ്‌ട്ര വേദികളിൽ ആവർത്തിക്കാൻ കഴിയാത്തതിനാൽ ടീമിൽ തുടരാനായില്ല.