രാജ്യാന്തര ചലച്ചിത്രോത്സവം; പ്രേക്ഷക ഹൃദയം കവർന്ന് നൻപകൽ നേരത്ത് മയക്കം

ഐഎഫ്എഫ്‌കെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പല്ലിശേരി- മമ്മൂട്ടി ചിത്രം ‘നൻ പകൽ നേരത്ത് മയക്കം; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർക്ക് കാഴ്ചയുടെ വിസ്മയം തീർത്തു ലിജോജോസ് പെല്ലിശ്ശേരി . ടാഗോർ തിയേറ്റർ തിങ്ങി നിറഞ്ഞ കാണികളെ നൻപകൽ നേരത്തു മയക്കത്തിലൂടെ പെല്ലിശ്ശേരി കയ്യിലെടുത്തപ്പോൾ നിലയ്ക്കാത്ത കയ്യടി നൽകി പ്രേക്ഷകർ സംവിധായകനേയും ഹരീഷ് ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരെയും വരവേറ്റു.

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. മമ്മൂട്ടിക്കമ്പനി എന്ന തന്‍റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച മണിപ്പൂരി ചിത്രം അവർ ഹോം , ബ്രസീലിയൻ ചിത്രം കോർഡിയലി യുവേഴ്സ് ,ഓപ്പിയം ,ആലം തുടങ്ങിയ ചിത്രങ്ങളും തിങ്കളാഴ്ച പ്രേക്ഷക ഹൃദയം കവർന്നു. പ്രതിസന്ധികളെ അതിജീവിച്ചു വിദ്യാഭ്യാസം തുടരാൻ ശ്രമിക്കുന്ന ബാലന്റെ ജീവിതം പ്രമേയമാക്കിയ അവർ ഹോം നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത് . അൽവാരോ ബ്രെക്നറുടെ എ ട്വൽവ് ഇയർ നൈറ്റ് ,ഇറാനിയൻ ചിത്രം ഹൂപ്പോ ,ബേല താറിന്റെ ദി ടൂറിൻ ഹോഴ്സ് , പ്രിയനന്ദനന്റെ ദബാരിക്യൂരുവി എന്നിവയും തിങ്കളാഴ്ച പ്രേക്ഷക പ്രീതി നേടി.