ആലിയ ഭട്ടിനെയും, ‘ഗംഗുഭായി കത്തിയാവാഡി’ എന്ന ചിത്രത്തെയും വാനോളം പുകഴ്ത്തി ഹോളിവുഡ് നടൻ ജോസഫ് ഗോർഡൻ-ലെവിറ്റ്

സഞ്ജയ് ലീല ബൻസാലി ചിത്രം ‘ഗംഗുഭായി കത്തിയാവാഡി’യെയും, ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടിനെയും വാനോളം പുകഴ്ത്തി ഹോളിവുഡ് നടൻ ജോസഫ് ഗോർഡൻ-ലെവിറ്റ്. ഗോഡ്ഫാദർ, ഗുഡ്‌ഫെല്ലസ് തുടങ്ങിയ ക്ലാസിക്കുകൾക്ക് സമാനമായ ചിത്രമെന്നാണ് അദ്ദേഹം ഗംഗുഭായി കത്തിയാവാഡിയെ വിശേഷിപ്പിച്ചത്. “ഞാൻ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ചിത്രമായിരുന്നു ഗംഗുഭായി കത്തിയാവാഡി വിത്യസ്തമാര്ന്നതും, പ്രമേയപരമായി ശക്തിയേറിയതുമായി ഒരു സിനിമാനുഭവം ആയിരുന്നു അത് . ഏതാണ്ട് ഒരു സ്കോർസെസിയുടെ സിനിമ കാണുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതിലെ സംഗീതം എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ന് ഞാൻ ഇവിടേക്ക് വരാൻ തീരുമാനിച്ചതിന്റെ ഒരു കാരണവും ഈ ചിത്രം തന്നെയാണ്.’ ഗോർഡൻ-ലെവിറ്റ് പറഞ്ഞു.

ബോളിവുഡ് സൂപ്പർ താരവും ഗംഗുഭായി കത്തിയാവാഡിയയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ആലിയ ഭട്ടിനെയും ജോസഫ് ഗോർഡൻ അഭിനന്ദിച്ചു. “ആലിയ മികച്ച നടിയാണ് എന്നാണ് ഞാൻ കരുതുന്നത്. ഗംഗുഭായി കത്തിയാവാഡി ചരിത്ര നാടക സിനിമയായിരുന്നു. ഒരു ലൈം​ഗിക തൊഴിലാളിയുടെ വളർച്ചയാണ് ആ സിനിമ പറയുന്നത്. അത് ഏതാണ്ട് ഗുഡ്ഫെല്ലസ് അല്ലെങ്കിൽ ദി ഗോഡ്ഫാദർ എന്ന സിനിമ പോലെയാണ് എനിക്ക് തോന്നിയത്. അത്ര മികച്ച സിനിമയായിരുന്നു അത്.” അദ്ദേഹം പറഞ്ഞു.

ഐഎഫ്‌പി യുടെ ഉദ്ഘാടന സെഷനിൽ നടൻ രാജ്കുമാർ റാവോയുമായി സംസാരിക്കുന്നതിടെയാണ് സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. ശേഷം നടന്ന ഫാൻ സോണിലും അദ്ദേഹം സംസാരിച്ചു. ഇൻസെപ്ഷ്യൻ, 10 തിങ്ങ്സ് ഐ ഹേറ്റ് എബൗട്ട് യു, 500 ഡേയ്‌സ് ഓഫ് സമ്മർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആണ് ജോസഫ് ഗോർഡൻ-ലെവിറ്റ്.