ചരിത്ര നേട്ടവുമായി മാഞ്ചസ്റ്റർ സിറ്റി; തുടർച്ചയായ നാലാം തവണയും പ്രീമിയർ ലീഗ് കിരീടം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായി നാലാം തവണ പ്രീമിയർ ലീഗ് കിരീടം നേടുന്ന ആദ്യ ടീം ആയി ഈ നേട്ടത്തോടെ സിറ്റി മാറി. നിർണായകമായ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ ആണ് പെപ് ​ഗ്വാർഡിയോളയുടെ ശിഷ്യന്മാർ തോൽപ്പിച്ചത്. മത്സരത്തിൽ ഫിൽ ഫോഡ‍ൻ ഇരട്ട ​ഗോൾ നേടിയപ്പോൾ റോഡ്രി ആണ് വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടിയത്. മുഹമ്മദ് കദുസ് വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ നേടി.

38 മത്സരങ്ങളിൽ നിന്ന് 91 പോയിൻ്റുകൾ നേടിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. എവർട്ടണെ ഒന്നിനെതിരെ രണ്ട് ​ഗോളിന് തോൽപ്പിച്ച ആഴ്സണൽ 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വൂൾവ്സിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയ ലിവർപൂൾ 82 പോയിന്റുമായി മൂന്നാം സ്ഥാനം നില നിർത്തി.