മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നത്. സാംസ്‌ക്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നുവെന്നും അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നുവെന്ന മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് വ്യാപകമാണ്. കാണുന്നത് പുറമെയുള്ള തിളക്കം മാത്രമാണ്. ആരെയും നിരോധിക്കാന്‍ ശക്തിയുള്ള സംഘടന. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കും. സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍.ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേജിലാണുള്ളത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമ‍ർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.