ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമില്‍ അവസരം ലഭിച്ചതിന് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തിയത് നല്ല വാര്‍ത്തയാണ്. തഴയപ്പെടുമ്പോഴെല്ലാം ക്രിക്കറ്റ് ലോകം ചോദിക്കാറുണ്ട്, എന്തുകൊണ്ട് അദ്ദേഹത്തെ തഴഞ്ഞൂവെന്ന്. സഞ്ജുവിനൊപ്പം തിലക് വര്‍മ, രജത് പടീധാര്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ദീപക് ചാഹറിന്റെ മടങ്ങിവരവും ആനന്ദിപ്പിക്കുന്നു.” ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിേയഴ്‌സും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ സഞ്ജുവിന് തിളങ്ങാനാകുമെന്നാണ് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയത്. ”സഞ്ജു ടീമില്‍ ഉള്‍പ്പെട്ടത് മഹത്തായ കാര്യമാണ്. അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റില്‍ ആസ്വദിക്കാന്‍ കഴിയും. ഇവിടെ അതിജീവിക്കാനുള്ള ടെക്‌നിക്ക് അദ്ദേഹത്തിന്റെ പക്കലുണ്ട്. ബൗണ്‍സും സ്വിങ്ങുമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ സഞ്ജുവിനെ പോലെ ഒരാള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. മാത്രമല്ല, വിക്കറ്റ് കീപ്പിംഗില്‍ മറ്റൊരു സാധ്യത കൂടി ഇന്ത്യക്ക് ലഭിക്കും.” ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
അതെ സമയം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.