അറുപത്തി നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ഇന്ന്. സ്വാഭാവിക നടന ശൈലിയിൽ കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലാലിന് ആശംസ നേർന്ന് സിനിമ ലോകം എത്തികഴിഞ്ഞു. തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത്.
രാവിലെ മുതല്‍ ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇതരഭാഷാ താരങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. സോഷ്യല്‍ മീഡിയയില്‍ എങ്ങും മോഹന്‍ലാല്‍ സ്പെഷ്യല്‍ വീഡിയോകളും ഫോട്ടോകളും നിറയുകയാണ്. മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും രംഗത്ത് വന്നു. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ’ എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
നിലവില്‍ എമ്പുരാന്‍റെ ഷൂട്ടിങ്ങും തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെ ഷൂട്ടിങ്ങും നടക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ കുറച്ച് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇന്ന് ചിലപ്പോള്‍ ടൈറ്റില്‍ പുറത്തുവിടുമെന്ന് പറയപ്പെടുന്നുണ്ട്. ശോഭനയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.