എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമയുടെ രണ്ടാം വരവ്; ഗ്ലാഡിയേറ്റർ 2 ട്രെയിലറിന് മികച്ച പ്രതികരണം

റിഡ്ലി സ്കോട്ടിന്റെ സംവിധാനത്തിൽ റസ്സൽ ക്രോവിനെ നായകനാക്കി 2000 ൽ പുറത്തിറങ്ങിയ എപിക് ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രമായിരുന്നു ഗ്ലാഡിയേറ്റർ. ബോക്സ് ഓഫീസിലും, ഓസ്കാർ വേദിയിലും വലിയ ചലനങ്ങൾ സൃഷ്ട്ടിച്ച വിഖ്യാത ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോളിവുഡിലെ ഒരു പിടി മികച്ച അഭിനേതാക്കളും, ടെക്‌നീഷ്യരും. ആദ്യ ഭാഗത്തിൽ മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന നായക കഥാപാത്രമായി എത്തിയത് റസല്‍ ക്രോ ആയിരുന്നു. അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഗ്ലാഡിയേറ്റര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിഡ്ലി സ്കോട്ട് തന്നെയാണ്. ഇന്നലത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഗ്ലാഡിയേറ്ററിലെ സംഭവവികാസങ്ങള്‍ നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കാലത്താണ് ഗ്ലാഡിയേറ്റര്‍ 2 ലെ കഥ നടക്കുന്നത്. റോമിന്‍റെ മുന്‍ ചക്രവര്‍ത്തി മാര്‍കസ് ഒറിലിയസിന്‍റെ പൗത്രന്‍ ലൂഷ്യസ് വെറുസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം. പോള്‍ മെസ്കലാൻ, പെഡ്രോ പാസ്കല്‍, കോണി നീല്‍സെന്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 310 മില്യണ്‍ ഡോളറോളമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്. ആക്ഷനും ഡ്രാമയ്ക്കും പ്രാധാന്യമുള്ള രീതിയിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന് ട്രൈലർ സൂചിപ്പിക്കുന്നു. വലിയ യുദ്ധരംഗങ്ങളും വിസ്മയിപ്പിക്കുന്ന ആക്ഷനും ചിത്രത്തിലുണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. പീറ്റർ ക്രെയ്‌ഗും ഡേവിഡ് സ്‌കാർപ്പയും ചേർന്നെഴുതിയ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത് ഡേവിഡ് സ്കാർപ്പ ആണ്. നവംബര്‍ 22 ന് ചിത്രം തിയറ്ററുകളിലെത്തും.