ഇന്ത്യയുടെ മുൻ കാപ്റ്റനും സൂപ്പർ താരവുമായ വിരാട് കോഹ്‌ലിയുടെ ഫോമിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ്ങിനെതിരെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമുള്ള കോഹ്‌ലിയെ പോലെ ഒരു താരത്തിന് ടെസ്റ്റ് കളിക്കാന്‍ അവകാശമില്ലെന്ന് പോണ്ടിങ് വിമർശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പോണ്ടിങ് ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഗംഭീര്‍ തിരിച്ചടിച്ചു.
“കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോഹ്‌ലി കേവലം മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. അദ്ദേഹത്തെ പോലൊരു താരത്തെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല കണക്കല്ല. ഇത്തരം കണക്കുകളുള്ള മറ്റൊരു ബാറ്റര്‍ക്കും ടീമില്‍ ഇടംലഭിക്കില്ല.” ഇങ്ങനെ ആയിരുന്നു പോണ്ടിങ്ങിന്റെ പരാമർശം. എന്നാല്‍ കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് ഗംഭീര്‍ തുറന്നുപറഞ്ഞു. ഇരുതാരങ്ങളും ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ കരുത്താണെന്നും ഗംഭീര്‍ വ്യക്തമാക്കി. നവംബര്‍ 22ന് ആരംഭിക്കുന്ന ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതെ സമയം പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയുടെ ലഭ്യതയെക്കുറിച്ച് സൂചന നല്‍കി ഗൗതം ഗംഭീര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രോഹിത് രണ്ടാം തവണയും പിതാവാകാന്‍ പോകുന്നതിനാല്‍ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമാകും. ആദ്യ ബാച്ചിനൊപ്പം രോഹിത് ഓസ്ട്രേലിയയിലേക്ക് പോയിട്ടില്ല. രോഹിതിന്റെ ലഭ്യതയെക്കുറിച്ച് ഗൗതം ഗംഭീറിനോട് ചോദിച്ചപ്പോള്‍, സ്ഥിരീകരണമൊന്നുമില്ലെന്നും പരമ്പരയ്ക്ക് മുമ്പായി വ്യക്തമായ അപ്ഡേറ്റ് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ‘സ്ഥിരീകരണമൊന്നുമില്ല. ഞങ്ങള്‍ നിങ്ങളെ അറിയിക്കും. അവന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരയുടെ തുടക്കത്തോടെ നിങ്ങള്‍ക്ക് എല്ലാം അറിയാനാകും,’ ഗംഭീര്‍ പറഞ്ഞു.