ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗാ സ്വിയാടെകിന്; തുടര്‍വിജയങ്ങളില്‍ റെക്കോര്‍ഡ്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഇറ്റലിയുടെ ജാസ്മിന്‍ പവോലിനിയെ തോല്‍പ്പിച്ചാണ് ഇഗ ഹാട്രിക് വിജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കി ആധികാരികമായാണ് പോളിഷ് താരം നാലാം കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6-2, 6-1. ഒരു മണിക്കൂര്‍ 10 മിനുറ്റ് നീണ്ടു നിന്ന മത്സരത്തില്‍ അനായാസമായിരുന്നു ഇഗയുടെ വിജയം. സെമിയിൽ അമേരിക്കൻ കോകോ ഗോഫിനെ നേരിട്ടുള്‌ല സെറ്രുകളിൽ 6-2, 6-4ന് കീഴടക്കിയാണ് ഇഗ ഫൈനലിൽ കടന്നത്. 12ാം സീഡ് ഇറ്റലിയുടെ പവോലീനിയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്.

ഫ്രഞ്ച് ഓപ്പണില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ വനിതാ താരമായും ഇഗാ സ്വിയാടെക് മാറി. 2022ല്‍ ഇഗ യുഎസ് ഓപ്പണ്‍ നേടിയിട്ടുണ്ട്. ആകെ ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണം ഇതോടെ അഞ്ചായി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയിലെത്തിയതും വിംബിള്‍ഡണില്‍ ക്വാര്‍ട്ടറിലെത്തിയതുമാണ് മറ്റ് ഗ്രാന്‍ഡ് സ്ലാമുകളിലെ നേട്ടം.