മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. രാഷ്ട്രീയ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടെ അഭ്യര്‍ഥിച്ചതായി ഗൗതം അറിയിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഗൗതം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി പറഞ്ഞു.ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ആണ് ഗംഭീറിന്റെ പുതിയ നീക്കം.
“ക്രിക്കറ്റ് ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബഹുമാനപ്പെട്ട പാർട്ടി അധ്യക്ഷന്‍ ജെ പി നദ്ദയോട് ഞാന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടും ആഭ്യന്തര മന്ത്രി അമിത് ഷാ ജിയോടും നന്ദി പറയുന്നു. ജയ് ഹിന്ദ്,” ഗംഭീർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ മത്സരിച്ചേക്കില്ല. 2019ലാണ് ഗൗതം ബി.ജെ.പിയില്‍ ചേരുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മത്സരിച്ച് വിജയിച്ചത്.
കൊല്‍ക്കത്തയുടെ മെന്ററായി ചുമതലയേറ്റ് നാളുകള്‍ക്ക് ശേഷമാണ് ഗംഭീറിന്റെ തീരുമാനം വന്നിരിക്കുന്നത്. കൊല്‍ക്കത്തയുടെ മുഖ്യപരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റിനോട് ചേർന്നായിരിക്കും ഗംഭീർ പ്രവർത്തിക്കുക. 2011-17 വരെ കൊല്‍ക്കത്തയെ ഐപിഎല്ലില്‍ നയിച്ച ഗംഭീർ രണ്ട് കിരീടങ്ങളും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലും ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായാണ് ഗംഭീർ പ്രവർത്തിച്ചിരുന്നത്.