‘റയലില്‍ പോകേണ്ട ആവശ്യമൊന്നുമില്ല’; എംബാപെയുടെ തീരുമാനത്തിന് പിന്തുണയുമായി ഫ്രാൻസിസ്‌കോ ടോട്ടി

സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ കരാര്‍ വേണ്ടെന്ന് വെച്ച എംബാപെയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് മുന്‍ ഇറ്റലിയന്‍ ഇതിഹാസ താരം ഫ്രാന്‍സെസ്‌കോ ടോട്ടി. പി.എസ്.ജിയില്‍ തുടരാനുള്ള കിലിയന്‍ എംബാപെയുടെ തീരുമാനം മികച്ചതാണെന്നാണ് റോമ ഇതിഹാസം ഫ്രാന്‍സെസ്‌കോ ടോട്ടി അഭിപ്രായപ്പെട്ടു. എംബാപെയെ ഒരു ചാമ്പ്യനെ പോലെ പി.എസ്.ജി മാനേജ് ചെയ്യണമെന്നാണ് ടോട്ടിയുടെ അഭിപ്രായം.

‘എംബാപെയുടെ തീരുമാനം? എന്നെ സംബന്ധിച്ചിടത്തോളം അത് ഹൃദയത്തിന്റെ ഒരു തെരഞ്ഞെടുപ്പാണ്, അത് ആര് തീരുമാനിച്ചതായാലും. എല്ലാ വലിയ ചാമ്പ്യന്മാരെയും പോലെ അവനെ പരിഗണിക്കുകയും സംരക്ഷിക്കുകയും വേണം. പി.എസ്.ജിയേക്കാള്‍ മികച്ചത് കണ്ടെത്താന്‍ അദ്ദേഹത്തിന് നിലവില്‍ കഴിയില്ല കാരണം അദ്ദേഹം അവിടെ രാജാവാണ്, ”ടോട്ടി പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടോട്ടി തന്റെ അഭിപ്രായം പറഞ്ഞത്.

ഫ്രഞ്ച് ലീഗിൽ 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടം എംബാപെയുടെ പേരിലാണ്. ഇന്ന് ലോകത്തെ ഏറ്റവും വിലപിടിച്ച കൗമാര താരമാണ് എംബാപെ.