റയോ വയാക്കാനോയുമായുള്ള ലാ ലിഗ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ് കൂമാനെ ബാഴ്‌സലോണ പുറത്താക്കി. ഇന്നലെ നടന്ന മത്സരത്തിൽ റഡാമൽ ഫാൽകാവോ നേടിയ ഒരേയൊരു ഗോളിലാണ് റയോ വയോകാനോ വിജയം നേടിയത്. ഇതോടെ ലീഗിൽ പത്തു കളികൾ പൂർത്തിയാക്കിയപ്പോൾ നാലു ജയം മാത്രം സ്വന്തമാക്കി ഒൻപതാം സ്ഥാനത്താണ് ബാഴ്‌സലോണ. പതിനാല് മാസം മുമ്പാണ് കോമാന്‍ ബാഴ്‌സ പരിശീലകനായി എത്തുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സ വിടാന്‍ കാരണമായ ക്ലബ്ലിലെ സാമ്പത്തിക പ്രതിസന്ധികളും കോമാന്റെ പുറത്താക്കലിന് വഴിവെച്ചു.
“എഫ്‌സി ബാഴ്‌സലോണ അദ്ദേഹം ക്ലബിനു വേണ്ടി നൽകിയ സേവനങ്ങളോട് നന്ദി പറയുന്നതിനൊപ്പം അദ്ദേഹത്തിന്റെ പ്രൊഫെഷണൽ കരിയറിന് എല്ലാ വിധ ഭാവുകങ്ങളും നൽകുന്നു.” ഔദ്യോഗിക പ്രസ്‌താവനയിൽ ക്ലബ് വ്യക്തമാക്കി.
നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ ഇതിഹാസതാരവും നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനുമായ സാവിയെ കൂമാനു പകരക്കാരനായി നിയമിക്കാൻ ബാഴ്‌സലോണ സമീപിച്ചിട്ടുണ്ട്. അൽ സാദുമായി കരാർ ബാക്കിയുണ്ടെങ്കിലും ബാഴ്‌സലോണ എക്സിറ്റ് ക്ളോസ് അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് സാവി വരാനുള്ള സാധ്യതകൾ വര്ധിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.