എട്ടു വർഷത്തോളം ബയേണിന്റെ കുന്തമുന ആയിരുന്ന ജർമ്മൻ സൂപ്പർ താരം റോബർട് ലെവെന്റോവ്സ്കി ഒടുവിൽ ബാഴ്‌സയിൽ എത്തി. പോളിഷ് സ്‌ട്രൈക്കറെ എത്തിക്കാൻ നാല്പത്തിയഞ്ചു മില്യൺ യൂറോയും കൂടാതെ അഞ്ചു മില്യൺ പ്രകടന മികവ് അനുസരിച്ചുള്ള തുകയും ബാഴ്‌സലോണ ബുണ്ടസ് ലീഗ ചാംപ്യന്മാർക്ക് നൽകും. ബാഴ്‌സയുടെ ആദ്യ ഓഫർ തള്ളിയിരുന്ന ബയേൺ കഴിഞ്ഞ ദിവസം സമർപ്പിച്ച ഓഫർ അംഗീകരിച്ചതായി അറിയിച്ചിരുന്നു. പ്രീ സീസണിന് അമേരിക്കയിലേക്ക് തിരിക്കുന്ന ബാഴ്‌സ ടീമിനോടൊപ്പം ലെവെന്റോവ്സ്കിയും ഉണ്ടാവും. നാല് വർഷത്തെ കരാറിൽ ആണ് ലെവെന്റോവ്സ്കി ക്യാമ്പ്ന്യൂവിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തിന് ശേഷം ഒരു വർഷത്തേക്ക് കൂടി താരത്തിന്റെ സേവനം നീട്ടാനുള്ള സാധ്യതയാണ് ബാഴ്‌സലോണ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെൽസി, പിഎസ്‌ജി തുടങ്ങിയ ക്ലബുകളുടെ ഓഫർ നിരസിച്ചാണ് ലെവൻഡോവ്സ്‍കി ബാഴ്സലോണയിൽ എത്തുന്നത്. ഒരുവർഷ കരാർ ബാക്കിയുണ്ടെങ്കിലും ബാഴ്സലോണയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ലെവൻഡോവ്സ്‍കി ബയേൺ മാനേജ്മെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബയേൺ ഇതെല്ലാം നിരസിക്കുകയായിരുന്നു. ഈ സീസണില്‍ ക്രിസ്റ്റൻസെൻ, കെസീ, റഫീഞ്ഞഎന്നിവരെ ടീമിലെത്തിച്ച ബാഴ്സലോണ ലെവൻഡോവ്സ്‍കിയെ കൂടി എത്തിക്കുന്നതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മുപ്പത്തിമൂന്ന്കാരന്റെ കൈമാറ്റം ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് സാധ്യമായത്. മുൻപ് ഡഗ്ലസ് കോസ്റ്റയെ യുവന്റസ് 40 മില്യൺ നൽകി സ്വന്തമാക്കിയതായിരുന്നു റെക്കോർഡ്. ബയേണിന്റെ കുപ്പായത്തിൽ മുന്നൂറ്റിനാല്പതിനാല് മത്സരങ്ങളിൽ നിന്നും 375 ഗോളുകളാണ് ലേവന്റോവ്സ്കി നേടിയിരിക്കുന്നത്.
ക്യാമ്പ്ന്യൂവിൽ ആരാധകർക്ക് മുന്നിലുള്ള ലെവെന്റോവ്സ്കിയെ അവതരിപ്പിക്കുന്നത് അമേരിക്കയിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്ക് ശേഷമാകും ഉണ്ടാവുക. തങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽ ഒന്നായിരുന്ന മുന്നേറ്റ താരത്തെ എത്തിക്കാൻ സാധിച്ചിതോടെ ബാഴ്‌സലോണ ഇനി സെവിയ്യ പ്രതിരോധ താരം ജൂൾസ് കുണ്ടേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കും.