മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 25 ശതമാനം ഓഹരികൾ സ്വന്തമാക്കി ഇംഗ്ളീഷ് കോടീശ്വരൻ ജിം റാറ്റ്ക്ലിഫ്

ഇംഗ്ലീഷ് ഫുട്‌ബാളിലെ ഗ്ലാമർ ക്ലബുകളിലൊന്നായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ 25 ശതമാനം ഓഹരികൾ ഇനി ലണ്ടൻ ആസ്ഥാനമായ ‘ഇനിയോസ്’ ഗ്രൂപ്പ് ചെയർമാനും, ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളുമായ ജിം റാറ്റ്ക്ലിഫിന് സ്വന്തം. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് അധികൃതർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്. 1.25 ബില്യൺ പൗണ്ടാണ് (1.6 ബില്യൺ ഡോളർ) ഓഹരി സ്വന്തമാക്കാൻ 71കാരൻ ചെലവിടുന്നത്. ക്ലബിന്റെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിലെ ഭാവി ഭാവി നിക്ഷേപത്തിനായി 300 ദശലക്ഷം ഡോളറും നൽകും.

മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഖത്തര്‍ വ്യവസായി ഷെയ്ക്ക് ജസ്സീം പിന്മാറിയിരുന്നു. ഷെയ്ക്ക് ജസ്സീം അവതരിപ്പിച്ച ലേലതുക തള്ളിയതിന് പിന്നാലെ ആയിരുന്നു പിന്മാറ്റം. ക്ലബിന്റെ പൂര്‍ണ്ണ ഉടമസ്ഥതയും ഏറ്റെടുക്കാമെന്നായിരുന്നു ഷെയ്ക്ക് ജസ്സീം വാഗ്ദാനം ചെയ്തത്. അതെ സമയം ഫുട്‌ബോളിന്റെയും ക്ലബിന്റെയും ഉയര്‍ച്ചയ്ക്ക് പുതിയ കരാര്‍ ഉപകരിക്കുമെന്ന് ക്ലബ്ബിന്റെ പ്രതിനിധികള്‍ പ്രതികരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലിയ ആരാധകന്‍ കൂടിയാണ് റാറ്റ്ക്ലിഫ്.

യുനൈറ്റഡ് വീണ്ടും യൂറോപ്യൻ ഫുട്ബാളിന്റെ ഉയരങ്ങളിലെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ദീർഘകാലത്തേക്ക് അതിന് പ്രതിജ്ഞാബദ്ധനാണെന്നും റാറ്റ്ക്ലിഫ് പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുക്കുന്നതായി അറിയിച്ച അദ്ദേഹം, ക്ലബിന്റെ കിരീട വരൾച്ചക്ക് മാറ്റംവരുത്തി തിരിച്ചുവരവിനായി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും കൂട്ടിച്ചേർത്തു. റാറ്റ്ക്ലിഫ് ഓഹരികൾ ഏറ്റെടുക്കുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ പ്രതാപം വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ആദ്യ റൗണ്ടിൽ പുറത്തായ ചുകന്ന ചെകുത്താന്മാർ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് ആണ്. പ്രമുഖ താരങ്ങളുടെ പരിക്കും, കളിക്കാരുടെ സ്ഥിരതയില്ലായ്മയും ആണ് ടീമിനെ വലിയ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വിലയെ നേരിടും.