ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലക റോളിൽ നിന്ന് വിട പറഞ്ഞ് ഗാരത് സൗത്ത്‌ഗേറ്റ്. യൂറോ കപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ ശേഷമായിരുന്നു സൗത്ത്‌ഗേറ്റിന്റെ പ്രഖ്യാപനം. എട്ട് വർഷമായി ഇംഗ്ലണ്ടിന്റെ പരിശീലകനാണ് സൗത്ത്‌ഗേറ്റ്. 104 മത്സരങ്ങളിൽ ടീമിനായി തന്ത്രം മെനഞ്ഞു. കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും വിജയിക്കാനായില്ല. 2018 ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ സെമി ഫൈനലിലുമെത്തിച്ചിരുന്നു.
‘ഇംഗ്ലണ്ട് ടീമില്‍ കളിക്കാനും ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ട്. എനിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തു. ഇത് മാറ്റത്തിനും പുതിയ ഒരധ്യാത്തിനുമുള്ള സമയമാണ്. ബര്‍ലിനില്‍ ഞായറാഴ്ച സ്‌പെയിനിനെതിരേ നടന്ന ഫൈനല്‍ മാനേജരായുള്ള എന്റെ ഫൈനല്‍ മത്സരമായിരുന്നു’- സൗത്ത്‌ഗേറ്റ് പറഞ്ഞു. മികച്ച താരങ്ങൾ ടീമിലുണ്ടായിട്ടും ഇംഗ്ലണ്ടിനെ ചാമ്പ്യൻമാരാക്കാൻ സാധിക്കുന്നില്ല എന്ന വിമർശനം സൗത്ത്‌ഗേറ്റിനെതിരെ നേരത്തെ തന്നെയുണ്ട്. പല ടൂർണമെന്റുകളിലും സൗത്ത്‌ഗേറ്റ് ടീമിനെ ഫൈനൽ, സെമി ഫൈനൽ റൗണ്ടുകളിൽ എത്തിചെങ്കിലും ഇംഗ്ളീഷ് ടീമിന്റെ കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ ആയില്ല.
2026 ലോകകപ്പുവരെ ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം രാജി അറിയിക്കുകയായിരുന്നു.യൂറോകപ്പ് ഫൈനലില്‍ തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് ക്യാംപിലെ പടലപ്പിണക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരം ജൂഡ് ബെല്ലിംങ്ഹാം ടീമില്‍ ഒറ്റപ്പെട്ടെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് സൗത്‌ഗേറ്റിന്റ രാജി എന്നതും ശ്രദ്ധേയമാണ്.