ബ്രസീലിന് തിരിച്ചടി: സൂപ്പർ താരം നെയ്മറിന് കോപ്പ അമേരിക്ക നഷ്ട്ടമാകും

ബ്രസീൽ പ്ളേ മേക്കർ നെയ്‌മര്‍ക്ക് ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക നഷ്‌ടമാകും. താരത്തിന്റെ പരിക്ക് ഉടൻ ഭേദമാകില്ലെന്ന് ഡോക്‌ടർ അറിയിച്ചു. 2024 ഓഗസ്റ്റിൽ മാത്രമേ നെയ്‌മർ കായികക്ഷമത വീണ്ടെടുക്കുവെന്ന് ഡോക്‌ടർ അറിയിച്ചു. കഴിഞ്ഞ മാസം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്‌ക്ക്‌ എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്മര്‍ ജൂനിയര്‍

അമേരിക്കയാണ് 2024ലെ കോപ്പ അമേരിക്ക ഫുട്ബോളിന് വേദിയാവുന്നത്. കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്‌മര്‍ ജൂനിയര്‍. 2024 ജൂണ്‍ 20ന് കോപ്പ അമേരിക്ക ഫുട്ബോള്‍ ആരംഭിക്കാനാകുമ്പോഴേക്ക് നെയ്‌മര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ല എന്ന ബ്രസീലിയന്‍ ടീം ഡോക്‌ടര്‍ റോഡ്രിഗോ ലാസ്‌മാറുടെ വാക്കുകള്‍ അതിനാല്‍തന്നെ ആരാധകര്‍ക്ക് വലിയ നിരാശ വാര്‍ത്തയാണ്. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മര്‍ക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ആണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് ഡിയിലാണ് ബ്രസീലിന്റെ സ്ഥാനം. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നിവരില്‍ ഒരു ടീമും ബ്രസീലിന്റെ ഗ്രൂപ്പില്‍ വരും. കോപ്പ അമേരിക്കയ്ക്ക് തൊട്ടുമുമ്പ് 2024 ജൂണ്‍ എട്ടിന് മെക്സിക്കോയുമായി മഞ്ഞപ്പടയ്ക്ക് സന്നാഹ മത്സരമുണ്ട്.