ഓസ്കാർ പുരസ്‌കാരം നേടിയ ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധയേനായ നടന്‍ ലീ സന്‍-ക്യൂനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസിനെ ഉദ്ധരിച്ച് യോന്‍ഹാപ് ന്യൂസ് ഏജന്‍സിയാണ് ലീയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച്ച രാവിലെ തലസ്ഥാനമായ സോളിലെ ഒരു പാര്‍ക്കിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ നടനെ കണ്ടെത്തുകയായിരുന്നു. 48 കാരനായ ലീയുടെ മരണം ആത്മഹത്യയാണോയെന്നതില്‍ സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലീ വീട് വീട്ടുപോയശേഷം ആത്മഹത്യക്കുറിപ്പ് പോലെയൊന്ന് താന്‍ കണ്ടതായി ലീയുടെ ഭാര്യ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് യോന്‍ഹാപ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ലീയുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ല. ലീയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി തങ്ങള്‍ ജോങ്‌നോ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും പൊലീസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നുണ്ട്.
പാരസൈറ്റ് എന്ന സിനിമയിലെ സമ്പന്ന കുടുംബത്തിലെ ഗൃഹനാഥന്റെ വേഷം ലീ സങ് ക്യോങിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. 2021-ൽ, പാരസൈറ്റിലൂടെ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്കാരവും അദ്ദേഹം നേടി. കഴിഞ്ഞ വർഷം സയൻസ് ഫിക്ഷൻ ത്രില്ലറായ ഡോ. ബ്രെയിനിലെ പ്രകടനത്തിന് ഇന്റർനാഷണൽ എമ്മി അവാർഡിൽ മികച്ച നടനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബർ മുതൽ ലീ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ പൊലീസ് അന്വേഷണത്തിലാണ്.
ദക്ഷിണ കൊറിയയിലെ പ്രശസ്തമായ കൊറിയ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടിയ ലീ സുൻ ക്യുൻ 2001-ൽ “ലവേഴ്സ്” എന്ന ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 41 സിനിമകളിലും 25 ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. അവർ ടൗൺ, ഹെല്പ്ലെസ്, എ ഹാർഡ് ഡേ, ആൾ എബൌട്ട് മൈ വൈഫ്, പാരസൈറ്റ് എന്നിങ്ങനെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ സ്ലീപ് എന്ന ചിത്രവും വലിയ വാണിജ്യ വിജയമായിരുന്നു. നടി ജിയോൺ ഹൈ-ജിനെ വിവാഹം കഴിച്ച ലീ സുൻ ക്യുൻ രണ്ട് ആൺമക്കളുടെ പിതാവ് കൂടിയാണ്.