‘ആവേശാ’രവങ്ങളുടെ മോളിവുഡ് കാലം; തെന്നിന്ത്യന്‍ ടോപ്പ് 10 ബോക്സ് ഓഫീസിലേക്ക് രംഗയും പിള്ളേരും

മലയാള സിനിമ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന വര്‍ഷമായിരിക്കും 2024. ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളെടുത്താല്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ചിത്രങ്ങള്‍ വിജയിച്ച ഇന്‍ഡസ്ട്രി മോളിവുഡ് ആണ്.ഫെബ്രുവരി മാസത്തിൻ്റെ ആരംഭത്തിൽ തിയേറ്ററുകളിൽ എത്തിയ ഗിരീഷ് എ.ഡി.യുടെ റൊമാന്റിക് കോമഡി ചിത്രം പ്രേമലു, ചിദംബരത്തിൻ്റെ മഞ്ഞുമ്മേൽ ബോയ്സ്, രണ്ടു ചിത്രങ്ങളും ചരിത്ര നേട്ടം സൃഷ്ടിച്ചപ്പോൾ ഡാർവിൻ കുര്യാക്കോസിൻ്റെ അന്വേഷിപ്പിൻ കണ്ടെത്തും, രാഹുൽ സദാശിവൻ്റെ മമ്മൂട്ടി ചിത്രം ഭ്രമയുഗം എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടി. വിഷു റിലീസുകളിലൂടെയും ആ വിജയവഴി തുടരുകയാണ്. വിഷു റിലീസുകളിലെ വിന്നര്‍ ആയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പത്താം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ആവേശം.

രോമാഞ്ചം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറിയ ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടി കൊണ്ടിരിക്കുന്നത്. പേരിലെ ആവേശം ഒട്ടും കുറയ്ക്കാതെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം 55 കോടിയിലേക്ക് എത്തിയതായി പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ കണക്കനുസരിച്ച് ഈ വര്‍ഷം ഏറ്റവുമധികം കളക്റ്റ് ചെയ്ത തെന്നിന്ത്യന്‍ ചിത്രം തെലുങ്ക് ചിത്രമായ ഹനു മാന്‍ ആണ്. 296 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്ത് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ്. 236 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം.മൂന്നാമത് മഹേഷ് ബാബുവിന്‍റെ ഗുണ്ടൂര്‍ കാരവും (175 കോടി) നാലാം സ്ഥാനത്ത് പൃഥ്വിരാജിന്‍റെ ആടുജീവിതവും (144 കോടി). അഞ്ചാം സ്ഥാനത്തും ഒരു മലയാള ചിത്രമാണ്. പ്രേമലു. നേട്ടം 136.25 കോടി.

അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിക്കുന്നത്. കോളേജ് വിദ്യാർത്ഥികളും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രത്തിൽ ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നു.