യൂറോയിലെ ആദ്യ അട്ടിമറി: ബെൽജിയത്തെ വീഴ്ത്തി സ്ലൊവേക്യ

യൂറോ കപ്പ് 2024 – ലെ ആദ്യ അട്ടിമറിക്ക് ആണ് ഇന്ന് കായിക ലോകം സാക്ഷ്യം വഹിച്ചത്. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ യൂറോ കപ്പിൽ തങ്ങളുടെ വരവറിയിച്ചിരിക്കയാണ്. ഏഴാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സ് നേടിയ ഗോളിലാണ് സ്ലൊവാക്യ മൂന്നു പോയന്റുമായി ടൂര്‍ണമെന്റിന് തുടക്കമിട്ടത്. സ്റ്റാർ സ്‌ട്രൈക്കർ ലുക്കാക്കു അര ഡസനിലേറെ അവസരങ്ങൾ തുലച്ചതും, മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്ലൊവാക്യന്‍ പ്രതിരോധവുമാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്.

മത്സരത്തിന്റെ മൂന്നും, ആറും മിനിറ്റുകളിൽ ഗോൾ അടിക്കാൻ ലഭിച്ച അവസരങ്ങൾ ബെൽജിയം നഷ്ടപ്പെടുത്തിയപ്പോൾ ഏഴാം മിനുട്ടിൽ ജെറെമി ഡോക്കുവിന്റെ മിസ് പാസ് മുതലാക്കിയ ഇവാന്‍ ഷ്രാന്‍സിലേക്ക് ബോൾ റോബെര്‍ട്ട് ബോസെനിക്കിന്റെ മറിച്ച് നൽകിയെങ്കിലും റോബെർട്ടിന്റെ ഷോട്ട് ബെല്‍ജിയന്‍ ഗോളി കോവെന്‍ കാസ്റ്റീല്‍സ് തട്ടിയകറ്റി, റീബൗണ്ട് വന്ന പന്ത് കിട്ടിയത് ഷ്രാന്‍സിന്റെ കാലില്‍. ഇത്തവണ കാസ്റ്റീല്‍സിന് യാതൊരു അവസരവും നല്‍കാതെ ഷ്രാന്‍സ് പന്ത് വലയിലാക്കി. ബെൽജിയം 0 സ്ലോവേക്യ 1. എന്നാല്‍ ഗോള്‍ വീണിട്ടും അവസരങ്ങള്‍ തുലയ്ക്കുന്നത് ബെല്‍ജിയന്‍ താരങ്ങള്‍ തുടര്‍ന്നു. ഡിബ്രുയ്ന്‍ നല്‍കിയ പന്തില്‍ നിന്ന് 36-ാം മിനിറ്റില്‍ ലഭിച്ച അവസരം ഒനാനയും നഷ്ടപ്പെടുത്തി. 63-ാം മിനിറ്റില്‍ ഒരു ഗോള്‍ലൈന്‍ സേവിലൂടെ ഡേവിഡ് ഹാന്‍കോ സ്ലൊവാക്യയുടെ രക്ഷയ്‌ക്കെത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ബെൽജിയം ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.