‘യൂറോപ്പിൽ ഇന്ന് ഗ്ളാമർ പോരാട്ടം’: ബാഴ്‌സ-യുണൈറ്റഡ് പോരാട്ടത്തിന് മണിക്കൂറുകൾ

യൂറോപ്പ ലീഗിൽ ഇന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയും ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റു മുട്ടും. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ന്യൂ കാമ്പിൽ വെച്ചാണ് മത്സരം. ഈ സീസണിൽ ക്ലബ് ഫുട്ബോൾ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം ആണിത്, തങ്ങളുടെ പ്രതാപ കാലത്തേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന അതിനായുള്ള ശരിയായ പാതയിലാണ് എന്ന് തോന്നിപ്പിക്കുന്ന രണ്ടു ക്ലബുകൾ നേർക്കുനേർ വരുന്നത് ഒരു മികച്ച മത്സരം തന്നെ സമ്മാനിക്കാൻ ആകും. ഇരു ടീമുകളും ഇപ്പോൾ മികച്ച ഫോമിൽ ആണെന്നതും മത്സരം പ്രവചനാതീതമാക്കുന്നുണ്ട്.

സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത് ആണ് ബാഴ്‌സ. ആക്രമണ നിരയെ നയിക്കുന്ന മിന്നും ഫോമിലുള്ള റോബർട് ലെവൻഡോസ്‌കി, യുവ താരങ്ങളായ പെഡ്രി, ഗവി എന്നിവരോടൊപ്പം ഡച്ച് സൂപ്പർ താരം ഫ്രാങ്കി ഡി ജോങ്ങിന്റ്റെ സാന്നിധ്യവും ടീമിന് കരുത്ത് പകരും, സാവിയുടെ കീഴിൽ മികച്ച ഫോമിൽ കളിക്കുന്ന ബാഴ്‌സ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല.

അതെ സമയം എറിക് ടാൻ ഹേഗിന് കീഴിൽ മികച്ച രീതിയിൽ പന്ത് തട്ടുന്ന ചുകന്ന ചെകുത്താന്മാരും ഒട്ടും മോശമല്ല. ഗോളടി യന്ത്രം മാർക്കസ് രാഷ്‌ഫോർഡ്, ക്യാപ്റ്റൻ കൂടിയായ ബ്രൂണോ, കാസ്റ്റ്മിരോ തുടങ്ങിയ വമ്പന്മാർ യുണൈറ്റഡ് നിരയിലും ഉണ്ട്. അതെ സമയം പ്രമുഖ താരങ്ങളുടെ പരിക്കും, സസ്‌പെൻഷനും യുണൈറ്റഡ് എങ്ങനെ നികത്തും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ബ്രസീൽ താരം ആന്റണി, ആന്റണി മാർഷ്യൽ, മക്ടോമിനെ, എറിക്സൺ എന്നിവർ പരിക്ക് മൂലവും, അർജന്റീനിയൻ സെന്റർ ബാക് ലിസാൻഡ്രോ മാർട്ടിനസ്, യുണൈറ്റഡിന്റെ ഏറ്റവും പുതിയ സൈനിങായ സബിറ്റ്സർ സസ്പെൻഷൻ കാരണം ഇന്ന് യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.15നാണ് മത്സരം.