വിജയവഴിയിൽ റെഡ് ഡെവിൾസ്; സതാംപ്ടണെതിരെ മൂന്ന് ഗോൾ ജയം

പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർച്ചയായ രണ്ടു പരാജയങ്ങൾക്കു ശേഷം ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സതാംപ്ടണെ ആണ് യുണൈറ്റഡ് തോൽപ്പിച്ചത്. ഡിലിറ്റ്(35), മാർക്കസ് റാഷ്ഫോർഡ്(41), ഗാർണചോ 90+6 എന്നിവർ ആണ് ഗോളുകൾ നേടിയത്. 79ാം മിനിറ്റിൽ സതാംപ്ടൺ താരം ജാക് സ്‌റ്റെഫൻസിന് ചുവപ്പ് കാർഡ് വാങ്ങിയതോടെ അവസാന മിനിറ്റുകളിൽ പത്തു പേരുമായാണ് കളിച്ചത്.

സതാംപ്ടൺ തട്ടകമായ സെന്റ്‌മേരീസ് സ്റ്റേഡിയത്തിൽ കളത്തിലിറങ്ങിയ യുണൈറ്റഡ് തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് താളം കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി കിക്ക്‌ ഗോൾ ആക്കാനും സതാംപ്ടന് സാധിച്ചില്ല. ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് ആറു പോയന്‍റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളും തോറ്റ സതാംപ്ടൺ പത്തൊമ്പതാം സ്ഥാനത്താണ്.