മോഹൻലാൽ, മമ്മൂട്ടി, ഫഹദ്, പാർവതി; എം ടിയുടെ ‘മനോരഥങ്ങൾ’ ഓണത്തിന് പ്രേക്ഷകരിലേക്ക്

എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ഒടിടിയിലേക്ക്. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ 15-ന് കൊച്ചിയിൽ നടക്കും. മനോരഥങ്ങൾ എന്ന് എം.ടി. പേരിട്ടിരിക്കുന്ന ആന്തോളജിയുടെ സംവിധായകരിൽ ഒരാൾ എം.ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്.

പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയൻ ആണ്. ബിജുമേനോൻ ആണ് ഇതിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്. നിന്റെ ഓര്‍മ്മക്ക് എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ യാത്രാക്കുറിപ്പാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്.

വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. അസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിൽ. ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ്ഫാസിൽ ടീം ആണ്.