ഇംഗ്ലണ്ട്ക്രിക്കറ്റ് ടീം ഓൾ റൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 37കാരനായ മൊയീൻ അലിയെ ഓസ്ട്രേലിയയ്ക്കെതിരെ ഈ മാസം തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ‘താൻ ഇംഗ്ലണ്ട് ക്രിക്കറ്റിനായി ഒരുപാട് മത്സരങ്ങൾ കളിച്ചു. ഇപ്പോൾ അടുത്ത തലമുറയ്ക്ക് വഴിമാറി കൊടുക്കേണ്ട സമയമായിരിക്കുന്നു. ഇതാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ശരിയായ സമയമെന്ന് തോന്നുന്നു.’ മൊയീൻ അലി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് മൊയീൻ അലി വ്യക്തമാക്കി
2021ൽ മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു എന്നാൽ കഴിഞ്ഞ വർഷത്തെ ആഷസിൽ ഇംഗ്ലണ്ട് അദ്ദേഹത്തെ
തിരിച്ചുവിളിക്കുകയായിരുന്നു. ആഷസ് പരമ്പര സമനിലയാക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ അലി സഹായിച്ചിരുന്നു. 2014ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മൊയീൻ അലി കടന്നുവന്നത്. 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി 20യും അലി ഇംഗ്ലണ്ടിനായി കളിച്ചു. 6,678 റൺസാണ് മൂന്ന് ഫോർമാറ്റുകളിലുമായി അലി അടിച്ചുകൂട്ടിയത്. എട്ട് സെഞ്ച്വറിയും 28 അർധ സെഞ്ച്വറിയും 366 വിക്കറ്റുകളും താരത്തിന്റെ കരിയറിന്റെ ഭാഗമാണ്. 2024ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു മൊയീൻ അലി ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്.
ടെസ്റ്റിൽ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 53 റൺസ് ആറു വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ മികച്ച ബോളിങ് പ്രകടനം. 112 റൺസ് വഴങ്ങി 10 വിക്കറ്റെടുത്തത് മത്സരത്തിലെ മികച്ച പ്രകടനം. ഏകദിനത്തിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബോളിങ് പ്രകടനം. ട്വന്റി20യിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതത് മികച്ച പ്രകടനം.