‘എമ്പുരാൻ’; മോഹൻലാൽ ചിത്രം അടുത്ത വർഷമെന്ന് പൃഥ്വിരാജ്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. ആരാധകർക്കിടയിൽ എമ്പുരാൻ ചർച്ചാവിഷയം ആകുന്നുണ്ടെങ്കിലും എന്നാകും ചിത്രീകരണം ആരംഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങനെ കുറിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ഏതാണ്ട് പൂര്ണമായതായും അദ്ദേഹം പറഞ്ഞു. ലൂസിഫറിന്റെ രചയിതാവായ മുരളി ഗോപി തന്നെ ആണ് എമ്പുരാനും തൂലിക ചലിപ്പിക്കുന്നത്. അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ കൈകാര്യം ചെയ്തത്. ഈ സിനിമ യൂണിവേഴ്‌സലായുള്ള പ്രശ്‌നം കൈകാര്യം ചെയ്യുന്നു. അത്തരമൊരു ലോകത്തെക്കുറിച്ചു സംസാരിക്കുന്ന സിനിമയാകും എമ്പുരാനെന്നും’ മുരളി ഗോപി മനോരമയോടുളള അഭിമുഖത്തില്‍ പറഞ്ഞു.

ജന​ഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പൃഥ്വി ഇക്കാര്യം പറ‍ഞ്ഞത്. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.

2019 മാർച്ച് 28നായിരുന്നു മോഹൻലാൽ – പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിൽ ‘ലൂസിഫർ’ തീയേറ്ററുകളിലെത്തിയത്. അന്നുവരെയുണ്ടായിരുന്ന മലയാള സിനിമകളുടെ എല്ല ബോക്സ് ഓഫീസ് കളക്ഷനുകളെയും തകർത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ മലയാള ചിത്രമായും ലൂസിഫർ ശ്രദ്ധനേടി. സിനിമയുടെ വിജയത്തിന് ശേഷമാണ് എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗം പൃഥ്വി പ്രഖ്യാപിച്ചിരുന്നത്.