ഒന്നാം ഭാഗത്തിനെ കടത്തി വെട്ടുന്ന സീക്വൽ; ബോക്സോഫീസിൽ തരംഗമായി ഡ്യൂൺ 2

2021 ൽ ഓസ്കർ നേടിയ ചിത്രം ഡ്യൂണിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ തരംഗമാകുന്നു. മാർച്ച് ഒന്നിന് റിലീസ് ചെയ്ത സയൻസ് ഈ ഫിക്ഷൻ ചിത്രം രണ്ട് ദിനം കൊണ്ട് 75 മില്യൺ ഡോളറാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. മികച്ച പ്രീസെയിൽ കളക്ഷനും നേടിയ ചിത്രം ഉടൻ തന്നെ ബില്യൺ ക്ലബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യയിൽ നിന്ന് ഇതുവരെ 7 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന് ആദ്യദിനത്തിൽ യുഎസിൽ മാത്രം 32.2 മില്യൺ ഡോളർ നേടാന്‍ കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ ആഭ്യന്തര വിപണിയില്‍ പ്രിവ്യൂ ഷോകളില്‍ മാത്രമായി സിനിമ 12 മില്ല്യണ്‍ ഡോളര്‍ നേടിയിരുന്നു. ഓവര്‍സീസ് മാര്‍ക്കറ്റിലും സിനിമ രണ്ടു ദിവസം കൊണ്ട് 22.4 മില്യൺ നേടി. 170 മില്യൺ വാരാന്ത്യകളക്ഷനാണ് ചിത്രത്തിന് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്.

ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ തിമിത്തി ഷാലമി, റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‍കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ജേസൺ മമൊവ, ചാംഗ് ചെംഗ് തുടങ്ങിയവർക്ക പുറമെ സൗഹീല യാക്കൂബും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫ്രാങ്ക് ഹെർബർട്ടിന്റെ ഡ്യൂൺ എന്ന സയൻസ് ഫിക്ഷൻ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2021 കൊവിഡ് കാലത്ത് പുറത്തിറങ്ങിയ ഡ്യൂൺ അതിന്‍റെ ആദ്യ വാരാന്ത്യത്തിൽ 41 മില്യൺ ഡോളറും ലോകമെമ്പാടുമായി 402 മില്യൺ ഡോളറും നേടി. അന്ന് കൊവിഡ് കാലത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എച്ച്ബിഒ മാക്സ് ഒടിടിയിലും തീയറ്ററിലും ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്തത്.