പനോരമ സ്റ്റുഡിയോസിലൂടെ ‘ദൃശ്യം’ ഹോളിവുഡിലേക്കും

മലയാള സിനിമയുടെ ഗതി മാറ്റിയ ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു. ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ഇന്ത്യൻ, ചൈനീസ് വിപണികളിൽ വൻ വിജയം കൊയ്തതിന് ശേഷമാണ് ചിത്രം ഹോളിവൂഡിലെത്തുന്നത്.
ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമ കൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ള പ്രേക്ഷകരോടും എളുപ്പത്തിൽ സംവദിക്കാൻ ശേഷിയുള്ളതാണ്. 2013ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. പനോരമ സ്റ്റുഡിയോസ് ഗൾഫ്സ്ട്രീം പിക്ചേഴ്സുമായും ജോറ്റ് ഫിലിംസുമായും ചേർന്നാണ് ഹോളിവുഡിൽ ദൃശ്യം നിർമ്മിക്കുന്നത്.

തമിഴില്‍ കമല്‍ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജിയാണ് ചിത്രം നിര്‍മ്മിച്ചത്. ജീത്തു ജോസഫ് തന്നെയാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം കണ്ട ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ കമല്‍ഹാസനെ അഭിനന്ദിച്ചിരുന്നു. ദൃശ്യം അതേപേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ് ഗണായിരുന്നു നായകന്‍. ശ്രീയാശരണ്‍ നായികയും. ഇങ്ങനെ വിവിധ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. അതെ സമയം ഓസ്‌കാര്‍ ജേത്രി ഹിലാരി സ്വങ്കിനെ മുഖ്യ കഥാപാത്രമാക്കി ആണ് ഹോളിവുഡിൽ ദൃശ്യം റീമേക്ക് ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.