‘ഇതൊട്ടും അപ്രതീക്ഷിതമല്ല’: ന്യൂഡ് രംഗത്തെ കുറിച്ചുള്ള ചർച്ചകളിൽ ദിവ്യപ്രഭയുടെ പ്രതികരണം

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ന്യൂഡിറ്റി രംഗത്തെ ചുറ്റിപ്പറ്റി ചർച്ചകൾ സജീവം ആകുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി അഭിനെതിരെ ദിവ്യ പ്രഭ. ഇത്തരം ചർച്ചകൾ താൻ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും കാൻ ഫിലിം ഫെസ്‌റ്റിവലിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പുരസ്‌കാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് താൻ പ്രതീക്ഷിച്ചതാണെന്ന് ദിവ്യപ്രഭ ക്യു സ്റ്റുഡിയോക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണ് പായൽ കപാഡിയ രചനയും സംവിധാനവും നിർവഹിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബർ 22നാണ് റിലീസിനെത്തിയത്. ചിത്രം പുറത്തെത്തിയതിന് പിന്നാലെ ചിത്രത്തിലെ നടി ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങൾ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ദിവ്യ പ്രഭ അഭിനയിച്ച രംഗം ടെലഗ്രാം വഴി ലീക്ക് ആയിപ്പോവുകയും സമൂഹമാധ്യമങ്ങളില്‍ വീഡിയോആവശ്യപ്പെട്ടുള്ള കമന്റുകള്‍ വ്യാപകമാവുകയും ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.

“സിനിമയെക്കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങൾ എനിക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഒട്ടാകെ റിലീസ് ആണല്ലോ ചിത്രം. ഞാൻ ഷൂട്ടിന്റെ തിരക്കിലായിരുന്നത് കാരണം ഈ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. കാൻസിലേക്ക് എത്തും എന്നത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്. കാരണം ഇവിടെ ഇങ്ങനെയാണല്ലോ? ഇവിടെയുള്ള ആളുകൾക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ച്ചപ്പാട് മനസ്സിലാക്കാൻ കുറച്ച് സമയമെടുക്കും.” ദിവ്യ പ്രഭ പറഞ്ഞു.

മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത ടേക്ക്ഓഫ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് ദിവ്യപ്രഭ. ഈശ്വരൻ സാക്ഷിയായി എന്ന ടെലിസീരിയലിലെ അഭിനയത്തിന് 2015-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരം അവർക്ക് ലഭിക്കുകയുണ്ടായി. തമാശ, കമ്മാരസംഭവം, മാലിക്, നിഴൽ തുടങ്ങിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.