ദേവദൂതൻ 4K മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക്; തികച്ചും അപ്രതീക്ഷിതമെന്ന് രഘുനാഥ് പലേരി

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ വിശാൽ കൃഷ്ണമൂർത്തി ആയി ഗംഭീര പ്രകടനം കാഴ്ചവെച്ച ‘ദേവദൂതന്‍’ എന്ന കൾട്ട് ചിത്രം
4K മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ്. ചിത്രം പുനരവതരിപ്പിക്കപ്പെടുമ്പോൾ മലയാളി പ്രേക്ഷകരും ആ മാജിക്കിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തിയുടെ പുനപ്രവേശ മുഹൂർത്തം ഇത്രയും വർഷങ്ങൾക്കുള്ളിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി പ്രതികരിച്ചത്.

മനം ഉരുകുന്ന സ്നേഹവർണ്ണത്തോടെ. മനം ത്രസിക്കുന്ന സംഗീതത്തോടെ. 4K നിറവിൽ ഡോൾബി അറ്റ്മോസ് ശബ്ദ പ്രസരണവുമായി, വിശാൽ കൃഷ്ണമൂർത്തിയുടെ പുനപ്രവേശ മുഹൂർത്തം ഇത്രയും വർഷങ്ങൾക്കുള്ളിൽ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അക്ഷര ഭാഷയിൽ എഴുതിയ സിനിമാ താളുകൾ ഇടയ്ക്കിടെ വായിച്ചു നോക്കാറുണ്ടെങ്കിലും, പുതിയ വർണ്ണവുമായി, അദൃശ്യ സ്നേഹത്തിൻറെ കാരണവും തേടി അയാൾ വീണ്ടും വരുന്നത്, ഒരേയൊരാളുടെ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ശ്രീ സിയാദ് കോക്കർ. തന്റെ ശേഖരങ്ങളിലെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് ഇടയ്ക്കിടെ തുടച്ചു മിനുക്കുന്ന ഇഷ്ടങ്ങളിൽ ഒന്ന്. ആ ഇഷ്ടത്തോട് എന്നും ആദരവ് മാത്രം. ഏതു കൊടുമുടികൾക്കും അഗാധതയിൽ എവിടെയോ അതിന്റെ ഒരു ആരംഭ സ്ഥാനമുണ്ട്, രഘുനാഥ് പലേരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ദേവദൂതൻ നിർമ്മിച്ചത്. സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. വിദ്യാസാഗർ സംഗീതമൊരുക്കിയ ചിത്രത്തിൽ യേശുദാസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി തുടങ്ങിയവരാണ് ഗായിക ഗായകന്മാർ ആയി എത്തിയത്.