ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങൾക്കെതിരേ ഉയരുന്ന ലൈംഗികാതിക്ര ആരോപണങ്ങൾക്കിടെ പ്രതികരണവുമായി നടി ഭാവന. ചെഗുവേരയുടെ വാക്കുകൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ പ്രതികരണം. ‘എല്ലാത്തിനുമുപരിയായി, ലോകത്ത് എവിടെയും ആര്‍ക്കെതിരെയും നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം,’ എന്ന ചെഗുവേരയുടെ ലോക പ്രസിദ്ധമായ വാക്കുകളാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
നേരത്തെ, അക്രമത്തിനെതിരെ പൊരുതാനുള്ള ഭാവനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) പ്രവര്‍ത്തകരായ നടിമാര്‍ രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് അടക്കമുള്ള നടിമാര്‍ സാമൂഹ്യ മാധ്യമ പോസ്റ്റുമായി രംഗത്തെത്തി. അവളുടെ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കമെന്നായിരുന്നു പോസ്റ്റിന്റെ സാരാംശം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും അനീതികളും ലോകത്തിനു മുന്നിൽ എത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ സമൂഹത്തിനു മുന്നിൽ വിളിച്ചു പറയുകയാണ് ഇരയാക്കപ്പെട്ടവർ. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്തും, യുവ നടി രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധീഖും രാജി വെച്ചു.