നിരൂപക പ്രശംസ നേടിയ കുഞ്ചാക്കോ ബോബൻ – മഹേഷ് നാരായണൻ ചിത്രം ‘അറിയിപ്പ്’ ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ നിരൂപ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് ‘അറിയിപ്പ്’.
ബുസാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘അറിയിപ്പ്’ ബിഐഎഫ്എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. നേരത്തെ ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു ‘അറിയിപ്പ്’. വരാനിരിക്കുന്ന ഐഫ്എഫ്‌കെയിലും ചിത്രത്തിന്റെ പ്രദർശനമുണ്ട്.
നോയിഡയില്‍ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.