‘SIIIUUU!’: മറഡോണ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്

ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരത്തിനുള്ള 2023-ലെ ഗ്ലോബ് സോക്കറിന്റെ മറഡോണ അവാർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയും ബയേൺ മ്യൂണിക്ക് ഫോർവെഡും, ഇംഗ്ളീഷ് ക്യാപ്റ്റനുമായ ഹാരി കെയ്നിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പുരസ്കാരം സ്വന്തമാക്കിയത്. 59 മത്സരങ്ങളിൽ നിന്ന് 54 ഗോളുകളാണ് ക്രിസ്റ്റ്യാനോ കഴിഞ്ഞ വർഷം നേടിയത്. ക്ലബ്ബ് തലത്തില്‍ അല്‍ നസറിനായി 44 ഗോളുകളും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും വേണ്ടി 10 ഗോളുകളുമാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. രണ്ടാമതുള്ള എംബാപ്പെയും ഹാരി കെയ്നും 52 ഗോളുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ നാലാമതുള്ള എര്‍ലിങ് ഹാലണ്ട് 50 ഗോളുകള്‍ നേടി. ജനുവരി 19ന് ദുബായിയിലെ ദി അറ്റ്‌ലാന്റിസ് പാമില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം നല്‍കുക.

ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്കാരം അഞ്ച് തവണ നേടിയ റൊണാൾഡോയെ തേടി വീണ്ടും ഒരു പുരസ്‌കാരം കൂടി എത്തുമ്പോൾ ആരാധകരും ഏറെ ആവേശത്തിലാണ്. ഐഎഫ്എച്ച്എസ്എസിന്റെയും ടോപ് സ്‌കോറര്‍ അവാര്‍ഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് സ്വന്തമാക്കിയത്. സൗദി പ്രോ ലീഗില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ സീസണില്‍ ലീഗിലെ ടോപ് സ്‌കോറര്‍, ടോപ് അസിസ്റ്റര്‍ ലിസ്റ്റിലും റൊണാള്‍ഡോയാണ് ഒന്നാമതുള്ളത്.