ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു. 55-ാം വയസിലാണ് അപ്രതീക്ഷിത വിയോഗം. തോര്‍പ്പിന്‍റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. 1993 മുതല്‍ 2005വരെ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്. 1993ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു തോര്‍പ്പ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഇടം കയ്യന്‍ ബാറ്റ്‌സ്മാനായ തോര്‍പ്പ് ടെസ്റ്റില്‍ 6,744 റണ്‍സാണ് അടിച്ചുകൂട്ടിയത്. 44.66 ശരാശരിയില്‍ 16 സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ 2,380 റണ്‍സാണ് താരം നേടിയത്. 21അര്‍ദ്ധ സെഞ്ച്വറിയുണ്ട് ഇതില്‍. 37.18 ആണ് ബാറ്റിംഗ് ശരാശരി.
വിരമിച്ചശേഷം 2010ല്‍ ഇംഗ്ലണ്ട് ടീമിന്‍റെ ബാറ്റിംഗ് കോച്ചായും അസിസ്റ്റന്‍റ് കോച്ചായും തോര്‍പ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ലെ ആഷസില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് 4-0ന്‍റെ തോല്‍വി വഴങ്ങിയതോടെയാണ് തോര്‍പ്പ് ബാറ്റിംഗ് കോച്ച് സ്ഥാനത്തു നിന്ന് പടിയറങ്ങിയത്. പിന്നീട് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായെങ്കിലും ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തോര്‍പ്പിന്‍റെ നിര്യാണത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസ് ക്രിക്കറ്റ് ബോര്‍ഡും സറേ ക്ലബ്ബും അഗാധ ദു:ഖം രേഖപ്പെടുത്തി.