‘അദ്ദേഹത്തെ പോലെ കഠിനാധ്വാനം ചെയ്യുന്ന അധികം കളിക്കാരെ ഞാന്‍ കണ്ടിട്ടില്ല’: വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ്

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കോലിയുടെ റണ്‍ദാഹത്തിനോ കഠിനാധ്വാനത്തിലോ കുറവ് വന്നിട്ടില്ലെന്നും കരിയറില്‍ 30കളുടെ മോശം കാലത്തിലല്ല നല്ല കാലത്തില്‍ തന്നെയാണ് കോലിയെന്നും ദ്രാവിഡ് പറഞ്ഞു.

വിരാട് കോലി സെഞ്ചുറി അടിക്കണമെന്നല്ല, ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു. ഇപ്പോഴും മത്സരത്തിന് മുന്നോടിയായി കോലി നടത്തുന്ന തയാറെടുപ്പുികളും കഠിനാധ്വാനവും അസാമാന്യമാണ്. കോലിയോളം കഠിനാധ്വാനം ചെയ്യുന്ന അധികം കളിക്കാരെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ റണ്‍ദാഹമോ കളിയോടുള്ള അഭിനിവേശമോ ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല.

ലെസസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരത്തില്‍ കോലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജസ്പ്രീത് ബുമ്ര അടക്കമുള്ള ബൗളര്‍മാരെ കോലി ഫലപ്രദമായി നേരിട്ടു. ആ സാഹചര്യത്തില്‍ എന്തായിരുന്നോ വേണ്ടത് അതാണ് കോലി ചെയ്തത്.ഏതൊരു കളിക്കാരനും കരിയറില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവും. പ്രചോദനമോ അഭിനിവേശമോ ഇല്ലാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നത്. കോലിയുടെ സെഞ്ചുറിയില്‍ മാത്രം ശ്രദ്ധയൂന്നേണ്ട കാര്യമില്ല. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കോലി 79 റണ്‍സ് നേടി. അത് സെഞ്ചുറിയായി മാറ്റിയിരുന്നെങ്കില്‍ നല്ലത് തന്നെയായിരുന്നു. പക്ഷെ അപ്പോഴും ആ സാഹചര്യത്തില്‍ നേടിയ 79 റണ്‍സ് മികച്ച സ്കോറായിരുന്നു. കോലിയില്‍ നിന്ന് സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ പരിശീലകനെന്ന നിലയില്‍ കോലി 50-60 റണ്‍സെടത്താലും അത് കളി ജയിപ്പിക്കുമെങ്കില്‍ താന്‍ സംതൃപ്തനാണെന്നും ദ്രാവിഡ് പറഞ്ഞു.