രാജ്കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 434 റണ്‍സിന്റെ റെക്കോഡ് ജയം. 557 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 122ന് പുറത്തായി. ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇന്ത്യയ്ക്കായി. സ്‌കോർ; ഇന്ത്യ 445, 430/4 (ഡിക്ലയേർഡ്) ഇംഗ്ലണ്ട് 319, 122 .
അഞ്ച് വിക്കറ്റുകളുമായി തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. കുല്‍ദീപ് യാദവ് രണ്ടും രവിചന്ദ്രന്‍ അശ്വിനും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതം നേടി. 33 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (15), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് (16), ടോം ഹാര്‍ട്ട്‌ലി (16), സാക് ക്രൗലി (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കഴിഞ്ഞ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റ് 4 റണ്‍സുമായി മടങ്ങി. ഓലീ പോപ്പ് (3), ജോ റൂട്ട് (7), ജോണി ബെയര്‍സ്‌റ്റോ (4), റിഹാന്‍ അഹ്‌മദ് (പൂജ്യം), ജെയിംസ് ആന്‍ഡേഴ്‌സന്‍ (1*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.
നേരത്തെ 196-2 എന്ന ശക്തമായ നിലയില്‍ നാലാം ദിനം പുനരാരംഭിച്ച ഇന്ത്യ രാജ്കോട്ടില്‍ ബാറ്റിങ് വിരുന്നൊരുക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍ കളം നിറഞ്ഞ് കളിച്ചതോടെ ഇന്ത്യ 556 റണ്‍സ് ലീഡ് നേടി. 98 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 430 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇതോടെ 556 റണ്‍സ് ലീഡ് നേടി. റിട്ടയേഡ് ഹര്‍ട്ടായി കഴിഞ്ഞദിവസം മടങ്ങിപ്പോയ യശസ്വി ജയ്‌സ്വാളും (236 പന്തില്‍ 214) ടെസ്റ്റ് അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാനും (72 പന്തില്‍ 68) ആണ് ഡിക്ലയര്‍ സമയത്ത് ക്രീസിലുണ്ടായിരുന്നത്.