ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ പേസർ ജസ്‌പ്രീത് ബുമ്ര ഉണ്ടാകില്ല. പുറത്ത് പരിക്കേറ്റ ബുംറയ്‌ക്ക് ആറ് മാസം വിശ്രമമാണ് നിർദേശിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലും ബുംറ കളിച്ചിരുന്നില്ല. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്‌ച പരിശീലനത്തിനിറങ്ങിയ ബുംറയ്‌ക്ക് പുറംവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് മത്സരം നഷ്‌ടമായത്. പരിക്കിൽ നിന്ന് മോചിതനാവാൻ ബുംറയ്‌ക്ക് ശസ്‌ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പൂർണമായ ഫിറ്റ്നസിലേക്ക് തിരിച്ചു വരാൻ 4 മുതൽ 6 മാസം വരെ അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ വർഷം ബുംറ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല.
നേരത്തെ പരിക്കിനെത്തുടർന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുംറക്ക് നഷ്‌ടമായിരുന്നു. ഒരു മാസത്തോളം സമയം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചെലവഴിച്ചായിരുന്നു അദ്ദേഹം പരിക്കിൽ നിന്ന് മോചിതനായി ഫിറ്റ്നസ് വീണ്ടെടുത്തത്. പരിക്കില്‍ നിന്ന് മോചിതനായ ബുംറ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി 20 മത്സരങ്ങളില്‍ കളിച്ചിരുന്നു. എന്നാല്‍ ഫോം കണ്ടെത്താനായില്ല. മൂന്നാം മത്സരത്തില്‍ 50 റണ്‍സാണ് താരം വഴങ്ങിയത്. ബുംറ ടീമില്‍ നിന്ന് പുറത്തായാല്‍ റിസര്‍വ് താരങ്ങളായ ദീപക് ചാഹറിനോ മുഹമ്മദ് ഷമിയ്‌ക്കോ ടീമിലിടം ലഭിക്കും. ട്വന്റി 20 ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ സീനിയര്‍ താരമാണ് ബുംറ. പരിക്കിന്റെ പിടിയിലായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേരത്തേ ടീമില്‍ നിന്ന് പുറത്തായിരുന്നു.