IPL-മുംബൈക്ക് തുടർ തോൽവികൾ; ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റത് 55 റൺസിന്‌

ഐപിഎൽ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ഗുജറാത്ത് ടൈറ്റന്‍സ് ആണ് 55 റൺസിന്‌ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് വിജയ ലക്ഷ്യമാണ് മുംബൈയ്ക്ക് മുന്നില്‍ വച്ചത്. ഗുജറാത്തിന്റെ സ്പിന്‍ കെണിയില്‍ വീണ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 152 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ഗില്ലിന്റെ അര്‍ധ സെഞ്ചുറി ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ സ്പിന്നര്മാരായ റാഷിദ് ഖാനും നൂര്‍ അഹമ്മദുമാണ് മുംബൈയുടെ പതനം കുറിച്ചത്. ഈ ജയത്തോടെ ടൈറ്റനൻസ് പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന്റെ തുടക്കം മോശമായിരുന്നെങ്കിലും ശുഭ്മാന്‍ ഗില്ലിലൂടെ ശക്തമായി തിരിച്ചുവന്നു. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ പുറത്താക്കുമ്പോള്‍ ഗുജറാത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 12 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഗില്‍ മുന്നില്‍ നിന്ന് നയിച്ചതോടെ ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ന്നു. അതിനിടെ രണ്ടാമനായി ഇറങ്ങിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പീയുഷ് ചൗള മടക്കി അയച്ചു. 14 പന്തില്‍ 13 റണ്‍സെടുത്ത പാണ്ഡ്യയെ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 30ാം പന്തില്‍ ഗില്‍ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കി. 34 പന്തില്‍ ഒരു സിക്‌സറും ഏഴ് ബൗണ്ടറികളും പായിച്ച ഗില്ലിനെ കുമാര്‍ കാര്‍ത്തികേയ കൂടാരം കയറ്റി.

പിന്നീട് മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ അഭിനവ് മനോഹര്‍ കൂട്ടുകെട്ടിലൂടെയാണ് ഗുജറാത്ത് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രണ്ട് ബൗണ്ടറികളും നാല് സിക്‌സറുകളും പറത്തിയ മില്ലര്‍ 22 പന്തില്‍ 46 റണ്‍സെടുത്തു. 21 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സറുമായി 42 റണ്‍സെടുത്ത് അഭിനവും തിളങ്ങിയതോടെ ഗുജറാത്തിന്റെ ഇന്നിങ്‌സിന് വേഗതയേറി.രാഹുല്‍ തെവാത്തിയയുടെ കൂറ്റനടിയിലൂടെ ഗുജറാത്ത് 207ല്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി. തെവാത്തിയ അഞ്ച് പന്തില്‍ 20 റണ്‍സെടുത്തു. അര്‍ജുന്‍ ബെഹ്‌റെന്‍ഡോഫ്, മെറെഡിത്ത്, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. ടൈറ്റന്‍സിന്റെ ലെഗ് സ്പിന്നര്‍ ജോഡികളായ റാഷിദ് ഖാനും നൂര്‍ അഹമ്മദും റണ്‍സ് വേട്ടയില്‍ മുംബൈയുടെ നട്ടെല്ല് തകര്‍ത്തു. നായകന്‍ രോഹിത് ശര്‍മയിലൂടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ഗുജറാത്ത് മുംബൈയെ ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. രോഹിത് ശര്‍മയെ (2) ഗുജറാത്ത് ക്യാപ്റ്റന്‍ പാണ്ഡ്യയാണ് പുറത്താക്കിയത്. ഓപ്പണര്‍ ഇഷാന്‍ കിഷനും മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞില്ല. 21 പന്ത് നേരിട്ട് വെറും 13 റണ്‍സ് മാത്രം എടുത്ത ഇഷാനെ റാഷിദ് ഖാന്‍ ആണ് മടക്കി അയച്ചത്.

മധ്യനിരയില്‍ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവുമാണ് മുംബൈയ്ക്ക് ആശ്വാസ കൂട്ടുകെട്ട് ഉണ്ടാക്കിയത്. മൂന്ന് സികസറുകളുമായി 26 പന്തില്‍ 33 റണ്‍സെടുത്ത ഗ്രീനെ ബൗള്‍ഡാക്കി നൂര്‍ അഹമ്മദ് മുംബൈ സ്‌കോറിങ്ങിന് വലിയ തിരിച്ചടി നല്‍കി. തൊട്ട് പിന്നാലെ 12 പന്തില്‍ 23 റണ്‍സെടുത്ത സൂര്യയെയും കൂടാരം കയറ്റിയ നൂര്‍ മുംബൈയുടെ പ്രതീക്ഷകളെ തകിടം മറിച്ചു. നേഹല്‍ വധേര ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 2 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സറുകളുമായി വധേര 40 റണ്‍സെടുത്തു. പീയുഷ് ചൗള(18) അര്‍ജുന്‍ തെണ്ടുല്‍ക്കര്‍(13) എന്നവരാണ് മറ്റ് സ്‌കോറര്‍മാര്‍. തിലക് വര്‍മ(2) ടിം ഡേവിഡ്(0) എന്നിവര്‍ നിരാശപ്പെടുത്തി. നൂര്‍ അഹമ്മദ് മൂന്നും റാഷിദ്ഖാനും മോഹിത് ശര്‍മയും രണ്ടും വിക്കറ്റുകള്‍ നേടി. പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി.