ബുമ്രയുടെ ശസ്ത്രക്രിയ വിജയകരം; ഏകദിന ലോകകപ്പിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുത്തേക്കും

ഇന്ത്യൻ താരങ്ങളായ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര, മുൻനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ എന്നിവരുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ച് ബി സി സി ഐ. പരിക്കിൻറെ പിടിയിലുള്ള ബുമ്ര ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ ഉന്നതൻ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. ന്യൂസിലാൻഡിൽ വെച്ച് നടത്തിയ ബുമ്രയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും ബി സി സി ഐ വ്യക്തമാക്കി. പുറംവേദന കാരണം 2022 ഒക്ടോബർ മുതൽ മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജസ്‌പ്രീത് ബുമ്ര. കഴി‌ഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയക്ക് എതിരെ ട്വൻറി 20 മത്സരത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്.

അതെ സമയം പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യരിന്റെ ശസ്ത്രക്രിയ അടുത്ത ആഴ്ച നടക്കും. രണ്ടാഴ്ചത്തേക്ക് അദ്ദേഹം സർജന്റെ പരിചരണത്തിൽ തുടരും.

2022ലെ ട്വൻറി 20 ലോകകപ്പും, ഏഷ്യാ കപ്പും ഐപിഎൽ 2023 ഉം ടീം ഇന്ത്യയുടെ നിരവധി പരമ്പരകളും നഷ്‌ടമായ ജസ്‌പ്രീത് ബുമ്രക്ക് വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്‌ടമാകും എന്നുറപ്പായിരുന്നു. ഇത്തവണത്തെ ഏഷ്യാ കപ്പിലും താരം കളിക്കാൻ സാധ്യതയില്ല. ഒക്ടോബർ-നവംബർ മാസങ്ങളിൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ബിസിസിഐ. ലോകകപ്പിൻറെ മത്സരക്രമം ഉടൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.