രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രത്തിന് പേരായി; തലൈവര്‍ 171 ടൈറ്റില്‍ ടീസർ

തെന്നിന്ത്യന്‍ സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ‘കൂലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലക സംഘത്തിന്‍റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.

ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.

ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ് കൂലി. ഇത്. തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സെഷന്‍ അനിരുദ്ധ് ചിത്രത്തിന് സംഗീതമൊരുക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. ലോകേഷിന്‍റെ വിശ്വസ്തനായ എഡിറ്റര്‍ ഫിലോമിന്‍ രാജ് ഒരിക്കല്‍ കൂടി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കും.