‘അന്വേഷിച്ച് കണ്ടെത്തുന്ന ക്യാമറ കണ്ണുകൾ’- ഗൗതം ശങ്കർ/അഭിമുഖം

മലയാളത്തിലെ യുവ ഛായാഗ്രാഹകന്മാരിൽ ശ്രദ്ധേയനാണ് ഗൗതം ശങ്കർ, സമകാലീക മലയാള സിനിമയിലെ ശ്രദ്ധേയനായ സിനിമോട്ടോഗ്രാഫർ/സംവിധായകൻ സനു ജോൺ വർഗീസിന്റെ അസ്സോസിയേറ്റ് ആയി സിനിമകളിലും, പരസ്യ ചിത്രങ്ങളിലും ആണ് ഗൗതം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. സഹീദ് അറാഫാത്ത് സംവിധാനം ചെയ്ത ‘തീരം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. തീവണ്ടി, കൽക്കി, തങ്കം, ഒറ്റ് എന്നിവ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്തു നിരൂപക പ്രശംസ നേടിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രമാണ് ഗൗതമിന്റെ കാമറ കണ്ണിലൂടെ പ്രേക്ഷകർ ഒടുവിൽ കണ്ടത്. ചിത്രത്തെ കുറിച്ചും, സിനിമോട്ടോഗ്രാഫിയുടെ രസതന്ത്രത്തെ കുറിച്ചും ഗൗതം കണക്റ്റിംഗ് കേരളത്തോട് സംസാരിക്കുന്നു …………………

  1. അന്വേഷിപ്പിൻ കണ്ടെത്തും തിയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം ഓ ടി ടിയിലും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് , പതിവ് ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നിന്നും വിഭിന്നമായി സഞ്ചരിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, എഡിറ്റിങ് എല്ലാം ഏറെ പേക്ഷക പ്രീതി പിടിച്ച് പറ്റിയിട്ടുണ്ട്. എങ്ങനെ ആയിരുന്നു എക്സ്പീരിയൻസ് ?

തിയേറ്ററിൽ ഒരു സിനിമ വിജയമാകുന്നത് ഏതൊരു സിനിമ പ്രവർത്തകനെയും ഒരുപാട് excited ആക്കും, ആ അർത്ഥത്തിൽ ഞാൻ വളരെ ഹാപ്പി ആണ്. ആ ഒരു ഹാപ്പിനസ്സിന് വേണ്ടി തന്നെ ആണല്ലോ നമ്മൾ സിനിമ ചെയ്യുന്നതും. അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ എല്ലാ ഡിപ്പാർട്മെന്റിനും നല്ല അഭിപ്രായം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എഡിറ്റിങ്, ആർട്ട്, മ്യൂസിക് അങ്ങനെ എല്ലാ മേഖലയിലും പ്രീ പ്രൊഡക്ഷന് സമയത്ത് തന്നെ വളരെ ഡീറ്റെയിൽ ആയ പ്രിപ്പറേഷൻസ് ഞങ്ങൾ എടുത്തിരുന്നു. സിനിമയുടെ കാലഘട്ടത്തിനോട്‌ യോജിച്ച കളർ, ഗ്രെഡിങ്, കോസ്റ്യൂംസ്, പ്രോപ്പർട്ടീസ് അങ്ങനെ എല്ലാ ഏരിയകളും നല്ല കൂട്ടായ്മയോടെ വർക്ക് ചെയ്തതിന്റെ പോസിറ്റിവ് ഔട്പുട്ട് ലഭിച്ചിട്ടുണ്ട് എന്ന് തന്നെ ആണ് വിശ്വാസം. ഞങ്ങൾ ഒരു LUT സെറ്റ് ചെയ്തിരുന്നു, ( Look up Table ). പ്രത്യേകിച്ച് പിരിയഡ് സിനിമകൾക്ക് ഈ കാലഘട്ടത്തിൽ അതൊരു അനിവാര്യതയാണ്. ഷൂട്ട് നടക്കുമ്പോൾ തന്നെ മോണിറ്ററിൽ ഏകദേശം കാണാൻ പറ്റും. അതല്ലെങ്കിൽ പിന്നെ കളർ ഗ്രെഡ് ചെയ്തു കഴിയുന്നത് വരെ കാത്തിരിക്കണം.

2. അന്വേഷിപ്പിൻ കണ്ടെത്തും കരിയറിലെ ഒരു ടേണിങ് പോയന്റ് ആയി കരുതാമോ ?

ഓരോ തവണയും മുൻപ് ചെയ്ത സിനിമയിലെ തെറ്റുകൾ റിപ്പീറ്റ് ചെയ്യാതിരിക്കാൻ ശ്രമിക്കാറുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ തികച്ചും (എന്നെ സംബന്ധിച്ച് ) ഡിഫ്രണ്ട് ആയ ഒരു എക്സ്പീരിയൻസ് ആയിരുന്നു അന്വേഷിപ്പിൻ കണ്ടതും. അത് കൊണ്ട് തന്നെ കരിയറിലെ ടെണിങ് പോയന്റ് ആണോ എന്ന് ചോദിച്ചാൽ അതെ എന്നാണുത്തരം. ഓരോ സിനിമയും ഒരു ലേണിങ് പ്രോസസ്സ് കൂടിയാണ്.

3. ഛായാഗ്രഹണ രംഗത്തേക്ക് എത്തിയത് അല്ലെങ്കിൽ ആ ഒരു ഫീൽഡിലേക്ക് വരാൻ പ്രത്യേകിച്ച് കാരണമൊ, താല്പര്യമോ…?

സിനിമ ചെറുപ്പം മുതലേ ഒരു പാഷൻ ആയി കൊണ്ട് നടന്നിരുന്നു.ഏതു മേഖലയിൽ ആണ് താൽപ്പര്യം എന്നാ കാര്യത്തിൽ വലിയ ധാരണ ഒന്നും ആയിട്ടുണ്ടായിരുന്നില്ല.അതിനു ശേഷം ചേതന ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നാണ് സിനിമോട്ടോഗ്രാഫിയെ കുറിച്ച് ഒരു ഓറിയന്റേഷൻ ലഭിക്കുന്നത്. പഠനം കഴിഞ്ഞു സംവിധായകനും, സിനിമോട്ടോഗ്രാഫറുമായ സനു വർഗീസിനെ കുറച്ചു കാലം അസ്സിസ്റ്റ്‌ ചെയ്ത ശേഷമാണ് ‘തീരം’ എന്നാ ആദ്യ ചിത്രത്തിന്റെ ചായഗ്രഹകാൻ ആകുന്നത്. സൊ ആ മേഖല തെരഞ്ഞെടുത്തു എന്നതിനേക്കാൾ അങ്ങോട്ട് എത്തിപ്പെട്ടു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഒരുപക്ഷെ എന്റെ ഉള്ളിൽ അത്തരം ഒരു പാഷൻ ഉണ്ടായത് കൊണ്ടുമാകാം.

4. പ്രശസ്ത സിനിമോട്ടോഗ്രാഫർ/സംവിധായകൻ സന്തോഷ് ശിവൻ അടുത്ത കാലത്ത് പറഞ്ഞത്, ‘പുതിയ തലമുറ പുതിയ ക്യാമറയെക്കുറിച്ചും അതിലെ പരീക്ഷണങ്ങളെക്കുറിച്ചും, ഒരു വിരൽ ചൂണ്ടി ചന്ദ്രനെക്കാണിച്ചാൽ ചന്ദ്രനെയാണു നോക്കേണ്ടത്. ടെക് നോളജി അതിലേക്കു ചൂണ്ടുന്ന വിരൽ മാത്രമാണ്. നമ്മൾ നോക്കേണ്ടത് ആ കാഴ്ചയിലേക്കാണ്’ എന്നാണ്, ഡിജിറ്റൽ യുഗത്തിലെ മാറുന്ന ഛായാഗ്രഹണ രീതികളെ കുറിച്ച് അൽപ്പം വിശദമാക്കാമോ ?

സിനിമയുടെ ഭൗതികമായ ചേരുവകൾ ഏതാണ്ട് പൂർണമായും മാറി മറിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സിനിമ നിർമാണത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുവായ ഫിലിം ഇന്ന് ആവശ്യമില്ലാതായിരിക്കുന്നു. ജെയിംസ് കാമറൂണിന്റെ ഇതിഹാസ ചിത്രം Avatar the way of water ലെ അണ്ടർ വാട്ടർ സീനുകൾ ഉൾപ്പെടെ ക്യാമറയിൽ പോലുമല്ല ഷൂട്ട് ചെയ്തിരിക്കുന്നത് സൊ ഡിജിറ്റൽ സിനിമ കാലം ഒരുപാട് സാധ്യതകളുടെ വിളനിലമാണ്.

സിനിമോട്ടോഗ്രാഫി ഒരു ടെക്നിക്കൽ ജോലി ആണെങ്കിലും അതിനൊരു ഈസ്തെറ്റിക്സ് തീർച്ചയായും ഉണ്ട്.സിനിമ അത്യന്തികമായി വിഷ്വൽ സ്റ്റോറി ടെല്ലിങ് ആണ്. തായ്വാൻ സിനിമ ലോകത്ത് വലിയ ചലനം സൃഷ്ട്ടിച്ച സംവിധായകൻ സായ് മിംഗ് ലിയാംഗ് അഭിപ്രായപ്പെടുന്നത് ” “ഞാന്‍ ഒരു സംവിധായകനല്ല, ദൃശ്യങ്ങൾ രചിക്കുന്ന കലാകാരനാണ് “ എന്നാണ്. സൊ സിനിമോട്ടോഗ്രാഫറുടെ ഉത്തരവാദിത്തം ആ തലത്തിൽ വളരെ വലുതാണ്. ഫിലിമിൽ നിന്നും ഡിജിറ്റലിലേക്ക് നമ്മുടെ സിനിമകൾ ട്രാൻസ്‌പ്ലാന്റ് ചെയ്യപ്പെട്ട കാലഘട്ടത്തിൽ സിനിമയിൽ എത്തിപ്പെട്ട ഒരാൾ എന്നാ നിലയിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ മുതൽ ചിത്രീകരണം വരെയുള്ള സമസ്ത മേഖലകളിലും ഇപ്പോൾ കൂടുതൽ ഫ്രീഡം ലഭിക്കുന്നുണ്ട്. കൂടാതെ ടെക്നോളജിയുടെ വളർച്ച നൽകുന്ന ക്രിയേറ്റിവ് ഫ്രീഡം വളരെ വലുതാണ്.

5. ഗൗതം ചെയ്ത് ചിത്രങ്ങളെല്ലാം തന്നെ വളരെ ഡിഫ്രന്റ് ആയിട്ടുള്ള ഴോണറുകളാണ്, തീവണ്ടി, ലഡു, ലളിതം സുന്ദരം പോലെയുള്ള സിനിമകൾ ലൈറ്റ് കോമഡി/ഫാമിലി ഡ്രാമകൾ ആണെങ്കിൽ കൽക്കി, ഒറ്റ് മാസ്സ് അപ്പീലുള്ള സിനിമകൾ ആണ് അതിൽ നിന്നും വിഭിന്നമാണ്‌ തങ്കം, അന്വേഷിപ്പിൻ കണ്ടെത്തും, ഈ ചിത്രങ്ങളൊക്കെ വളരെ സ്വാഭാവികമായി വന്നുചേർന്നതാണോ അല്ല സ്വയം തിരഞ്ഞെടുത്തവയായിരുന്നോ?

Quantity യെക്കാളേറെ ക്വാളിറ്റിയിൽ ആണ് ഞാൻ വിശ്വസിക്കുന്നത്. വരുന്ന എല്ലാ വർക്കും കമ്മിറ്റ് ചെയ്യുന്നതിന് പകരം സ്ക്രിപ്റ്റ്, സംവിധായകൻ ഉൾപ്പെടുന്ന ടീം ആരൊക്കെ തുടങ്ങിയ കാര്യങ്ങൾക്ക് മുൻ ഗണന നൽകി കൊണ്ടാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. അങ്ങനെ കുറച്ചു Selective ആകുമ്പോൾ വിത്യസ്ത ഴൊണറുകൾ ആയിരിക്കും ചെയ്യേണ്ടി വരിക. അവസാനത്തെ മൂന്നു സിനിമകളിൽ (തങ്കം, ഒറ്റ്, അന്വേഷിപ്പിൻ കണ്ടെത്തും) Crime/ Investigation ആണ് പ്രധാന എലിമന്റ് എങ്കിലും സ്‌ക്രിപ്പിറ്റിലും, മേക്കിങ്ങിലുമെല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളാണ്.

6. ഒരുപാട് മികച്ച സിനിമോട്ടോഗ്രാഫര്മാരെ സംഭാവന ചെയ്ത ഇന്ഡസ്റ്ററി ആണ് മലയാളം, സന്തോഷ് ശിവൻ, രാജീവ് രവി, പി സി ശ്രീറാം
ഒരു ഛായാഗ്രഹകൻ എന്ന നിലയിൽ ആരാണ് റോൾമോഡൽ?

ചോദ്യത്തിൽ സൂചിപ്പിച്ചത് പോലെ ഒരുപാട് ബ്രില്യന്റായ സിനിമോട്ടോഗ്രാഫർമാർ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ട്. ഇവരുടെ ഒക്കെ വർക്കുകൾ തീർച്ചയായും വലിയ ഇൻസ്പിറേഷൻ ആണ്, ഏതെങ്കിലും ഒരു വ്യക്തിയെ റോൾ മോഡൽ ആക്കാൻ ശ്രമിച്ചിട്ടില്ല. മലയാളം ഉൾപ്പെടെ ധാരാളം സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട്. എന്റെ വ൪ക്ക് എന്നു പറയുന്നത് ഞാൻ കണ്ട സിനിമകളുടെയൊക്കെ ഇൻസ്പിറേഷനാണ് എന്ന് പറയാം.

7. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി പ്രേക്ഷകർ സിനിമകളുടെ ടെക്‌നിക്കൽ ഏരിയകൾ കൂടി ഗഹനമായി വിലയിരുത്തുന്നുണ്ട്, (Constructive ആയ വിമർശനങ്ങളും അല്ലാത്തതും ഉയർന്നു വരുന്നുണ്ട്) ഒ ടി ടി പ്ലാറ്റുഫോമുകൾ കൂടി സജീവം ആയതോടെ അവരുടെ സിനിമ ആസ്വാദന നിലവാരത്തിലും വലിയ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഒരു യുവ ഛായാഗ്രാഹകൻ എന്ന നിലയിൽ ഇത് കൂടുതൽ ചലഞ്ചിങ് ആണോ ?

കോവിഡാനന്തര സിനിമ ലോകം ഒരു ട്രാൻസ്‌ഫോർമഷൻ പിരിയഡ് തന്നെ ആണ്. ഒരുപാട് ഓ ടി ടി പ്ലാറ്റുഫോമുകളുടെ വരവോടെ ദേശ/ ഭാഷ വ്യത്യാസമില്ലാതെ നിരവധി സിനിമകളും, സീരീസുകളും പ്രേക്ഷകർക്കു വിരൽ തുമ്പിൽ ലഭ്യമാണ്. ഈ ഒരു മാറ്റം അവരെ സിനിമകളുടെ എല്ലാ മേഖലകളെ കുറിച്ചും എഡ്യൂക്കേറ്റ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്. കേവലം സിനിമയുടെ കഥാ പരിസരത്തിനപ്പുറം ക്യാമറ ചലനങ്ങൾ, എഡിറ്റിങ്, ആർട്ട് മേഖലകളെ കുറിച്ച് പ്രേക്ഷകനും കൃത്യമായ ചില ബോധ്യങ്ങൾ ഇപ്പോൾ ഉണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും സീനിൽ ഒരു കണ്ടിന്യൂയുറ്റി മിസ്റ്റേക്ക് വന്നാൽ അടുത്ത ദിവസം അത് ചൂണ്ടി കാണിക്കാൻ ഇവിടെ പ്രേക്ഷകർ ഉണ്ട്.

നമ്മുടെ പ്രേക്ഷകരുടെ സിനിമ ആസ്വാദന നിലവാരം വർധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. സൊ Constructive ആയ വിമർശനങ്ങൾ പോസിറ്റീവ് ആയി ഉൾക്കൊണ്ടു കൊണ്ട് തെറ്റുകൾ തിരുത്തി നല്ല ഔട്ട്പുട് ഉണ്ടാകാൻ പ്രയത്നിക്കുക എന്നതാണ് സിനിമ പ്രവർത്തകരുടെ ഉത്തരവാദിത്തം എന്ന് ഞാൻ കരുതുന്നു.

8. ഇനി വരാനിരിക്കുന്ന പ്രോജക്ടുകൾ ഏതൊക്കയാണ്? സിനിമാട്ടോഗ്രാഫിക്ക് പുറമെ സംവിധാനം അടങ്ങുന്ന സിനിമകളുടെ ഏരിയകൾ എക്‌സ്‌പ്ലോർ ചെയ്യാൻ പദ്ധതി ഉണ്ടോ ?

കാണെക്കാണെ, ഉയരെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മനു അശോക് സോണി ലൈവിന് വേണ്ടി ചെയ്യുന്ന വെബ് സീരീസ് ആണ് അടുത്ത എന്റെ ഒരു പ്രോജക്ട്, പ്രമുഖ തിരക്കഥാകൃത്തുക്കളായ ബോബി ആൻഡ് സഞ്ജയ്‌ ആണ് രചന. ആ സീരീസിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്നു. പിന്നെ സംവിധാനം കുറച്ചു കൂടി ഭാരിച്ച ഉത്തരവാദിത്തമാണ്. ഒരു സിനിമ/ സീരീസ് ചെയ്യാനുള്ള ഒരു മച്യുരിറ്റി ആയിട്ടുണ്ടോ എന്നെനിക്ക് സംശയം ഉള്ളത് കൊണ്ട് തൽക്കാലം അത്തരം പ്ലാനുകൾ ഇല്ല. ഭാവിയിൽ ചെയ്യുമോ എന്ന് ഇപ്പോൾ പറയാനും സാധിക്കില്ല.