MOVIE REVIEW:മനുഷ്യൻ അവൻ്റെ ഫാൻ്റസിയുടെ ഉൽപ്പന്നം കൂടിയാണ്, ചുരുളിയിൽ ലിജോ ഒരിക്കൽ കൂടി അത് ഭംഗിയായി പറഞ്ഞുവെക്കുന്നു

വിനോയ് തോമസിന്‍റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്‍റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി. നവംബര്‍ 19നാണ് ചിത്രം സോണി ലൈവിലൂടെ തിയറ്ററുകളിലെത്തിയത്. ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചുരുളി പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ തെറിവിളി കൂടിപ്പോയി എന്നായിരുന്നു പ്രധാന വിമര്‍ശനം. തെറിവിളിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുകയാണ്. ചുരുളിയെ കുറിച്ച് അധ്യാപകനും, എഴുത്തുകാരനുമായ നാസിർ കെ സി എഴുതിയ നിരൂപണം വായിക്കാം.

മനുഷ്യൻ ഒരു ഫാൻ്റസി കൂടിയാണല്ലോ!

ആദിയിൽ തെറിയുണ്ടായി. പിന്നെയാണ് മനുഷ്യനുണ്ടായത് എന്നാരോ പറഞ്ഞിരുന്നു. അതു കൊണ്ടാവണം വിനോയ് തോമസിൻ്റെ എല്ലാ സുവിശേഷങ്ങളിലും തെറിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഭാഷയിലെ വില്ലനാണ് തെറി എന്നു വേണമെങ്കിൽ പറയാം. കുടിയേറ്റക്കാരനെപ്പോലെ ഭാഷയുടെ ഭൂപടത്തിൽ നിന്ന് പുറത്താക്കപ്പെട്ടവൻ. പുറത്താക്കപ്പെട്ടവർക്ക് ഇടം നൽകിയാണ് ബിനോയ് തോമസ് കഥയിലെ പുതിയ മിശിഹയായത്.

വിനോയിയുടെ കഥയ്ക്ക് എസ്.ഹരീഷിൻ്റെ തിരക്കഥ എന്നാവുമ്പോൾ ഏതാണ്ടൂഹിക്കാം. കുരുമുളകും കാന്താരിയും കൂടി ചേർത്തരച്ചതു പോലെ വിചിത്രമായ ഈ എരിവ് പ്രതീക്ഷിച്ചതു തന്നെ. വരൂ, നമുക്ക് ചുരുളിയിലേക്ക് പോകാം.

പാലത്തിൻ്റെ ഇക്കരെയുള്ള ലോകമല്ല പാലത്തിൻ്റെ അക്കരെയുള്ള ലോകം. തെറ്റിയും തെറിച്ചും പോയവരുടെ ലോകമാണത്. അവരുടെ ജീവിതത്തിന് തെറിയുടെ ഭാഷ നന്നായി ഇണങ്ങും. അതാകട്ടെ ബിനോയിയുടെയും ഹരിഷിൻ്റെയും കൈയിൽ ധാരാളമുണ്ടുതാനും. മേയ്ക്കപ്പിടാത്ത ഭാഷയിലാണ് അവർ അവരുടെ കഥകളത്രയും എഴുതിയിട്ടുള്ളത്. ആ ഭാഷയെ ആളുകളുടെ വായിൽ വച്ചു കൊടുക്കേണ്ട പണി മാത്രമാണ് സംവിധായകന് ഉണ്ടായിരുന്നത്. അങ്ങേര് അത് ഭംഗിയായി നിർവ്വഹിച്ചു.

സാംസ്കാരിക ഭൂപടത്തിൽ നിന്ന് പുറത്തായ ഭാഷയ്ക്ക് കുടിയിരിക്കാൻ പറ്റിയ ഒരു ഭൂഖണ്ഡം ആവശ്യമുണ്ട്.. എല്ലാ മരപ്പാലങ്ങൾക്കുമപ്പുറത്ത് അങ്ങനെയൊരു ലോകമുണ്ട്. എല്ലാ കുന്നിനു മുകളിലും കാണും അങ്ങനെയൊരു ലോകം. സ്ഥലഭ്രഷ്ടരാകുന്നവരുടെ സ്ഥലമാണത്. സാംസ്കാരിക ജീവിതത്തിൻ്റെ ഭാരങ്ങൾ പൊഴിച്ചു കളഞ്ഞ് നിങ്ങൾക്കവിടെ സ്വതന്ത്രരായി ജീവിക്കാം. പുറമെ നിന്നു വരുന്നവർക്ക് അവിടെ വഴി തെറ്റും. സ്ഥലപരമായ വഴി തെറ്റൽ മാത്രമല്ലത്. സാംസ്കാരികമായ അപരിചിതത്വം കൂടിയാണ്. വേണ്ടത്ര പാകപ്പെടാതെ അങ്ങോട്ടു ചെല്ലരുത്.
ക്ലൈമാക്സിന് ഒരു വ്യക്തതക്കുറവുണ്ടെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഒരു യുക്തിക്ക് നിരക്കായ്ക. ഫാൻ്റസിക്ക് ഫാൻ്റസിയുടെ ഒരു യുക്തിയുണ്ട് എന്നേ പറയാനൊക്കൂ. അതിന് പുറത്ത് അതിന് നിലനിൽപ്പില്ല. അതുകൊണ്ട് സിനിമയുടെ ക്ളൈമാക്സ് തപ്പേണ്ടത് അതിൻ്റെ അവസാനത്തെ സീനിലെ പൗർണ്ണമി ചന്ദ്രൻ്റെ ദൃശ്യത്തിലല്ല. അതിന് തൊട്ടുമുമ്പ് പോലീസുകാർക്ക് വഴിതെറ്റി അവർ എന്നെന്നേക്കുമായി ആ ചുഴിയിൽ അകപ്പെട്ടു പോകുന്നു എന്ന സൂചനയിലാണ്. അവരുടെ ഭൂമി അവസാനിച്ചു എന്നർത്ഥം.

യാഥാർത്ഥ്യങ്ങളുടെ ചിത്രീകരണം മാത്രമായിട്ട് ലിജോ ജോസ് പല്ലിശ്ശേരി സിനിമ എടുത്തിട്ടില്ലെന്നാണ് എൻ്റെ തോന്നൽ. ഉദാഹരണത്തിന് ഈ സിനിമയ്ക്ക് മുമ്പെടുത്ത ജല്ലിക്കെട്ട് എന്ന സിനിമയുടെ അന്ത്യവും ഒരു ഫാൻറസിയിലായിരുന്നു. ചരിത്രാതീത കാലം മുതൽ ഭൂമിയിലുണ്ടായിരുന്ന അക്രമാസക്തരായ മനുഷ്യരുടെ ദൃശ്യത്തിലാണ് ആ സിനിമ അവസാനിച്ചത്. ചുരുളി അവിടെ നിന്നാരംഭിക്കുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അസാംസ്കാരികമായ ഒരു തുടർച്ചയുണ്ട്. ഒരു പരുക്കൻ പാലം കൊണ്ടുള്ള പരസ്പര ബന്ധനം. സംസ്കാരത്തിൻ്റെ സോപ്പുകൊണ്ട് എത്രതേച്ചു കഴുകിയിട്ടും പോകാത്ത ആ പാരുഷ്യമുണ്ടല്ലോ. അതിൻ്റെ തുടർ അവതരണമാണ് ചുരുളി.

ജെല്ലിക്കട്ടിലെ ഫാൻറസി പ്രേക്ഷകനോട് കുറച്ചു കൂടി എളുപ്പത്തിൽ സംവദിച്ചിരുന്നു എന്നു മാത്രം. ചുരുളിയുടെ ക്ലൈമാക്സ് സിനിമയുടെ തുടക്കത്തിലായിരുന്നു എന്നു പറഞ്ഞാൽ തെറ്റാവില്ല. പക്ഷെ, ആൽക്കമിസ്റ്റിലെ സാൻറിയാഗോവിനെപ്പോലെ അതറിയാൻ നാം അങ്ങേയറ്റം വരെ സഞ്ചരിക്കണമെന്നു മാത്രം.

സത്യത്തിൽ ചുരുളിയിൽ രഹസ്യങ്ങളൊന്നുമില്ല. അത് നമ്മുടെ ഉള്ളിലെ ഇരുണ്ട നിഗൂഢതകളാണ്. നമുക്ക് വഴി തെറ്റുന്ന ഒരേയൊരിടം നമ്മുടെ ആന്തരിക വനങ്ങളാണ്. പുറത്തു കടക്കാനാവാത്ത വിധം നാമതിൽ കുരുങ്ങിപ്പോയിട്ടുണ്ട്. ഒരു യാഥാർത്ഥ്യം മാത്രമായിട്ട് മനുഷ്യൻ നിലനിൽക്കുന്നില്ല. മനുഷ്യൻ അവൻ്റെ ഫാൻ്റസിയുടെ ഉൽപ്പന്നം കൂടിയാണ്. ചുരുളിയിൽ ലിജോ ഒരിക്കൽ കൂടി അത് ഭംഗിയായി പറഞ്ഞുവെക്കുന്നു.