പ്രേക്ഷകർ ആകാക്ഷമയോടെ കാത്തിരിക്കുന്ന പുഷ്‍പ 2 ദ് റൂളി’ന്‍റെ അടുത്ത ഷെഡ്യൂള്‍ വിശാഖപട്ടണത്ത് ആരംഭിച്ചു. അല്ലു അര്‍ജുന്‍ ഇന്നലെ ഷൂട്ടിങ് ടീമിനൊപ്പം ജോയിന്‍ ചെയ്തു. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ‘പുഷ്പ ദി റൈസ്’ എന്ന ചിത്രത്തിന്‍റെ സീക്വൽ ആണ് ചിത്രം. പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രം നേടിയത്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് ആയിരുന്നു രണ്ടാം ഭാഗത്തിന്‍റെ പൂജ ചടങ്ങുകള്‍ നടന്നത്. ആദ്യ ഭാഗം വന്‍ വിജയം നേടിയതുകൊണ്ടുതന്നെ മുന്‍പ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്. ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.
രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.
എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടില്ല. രശ്മിക മന്ദാനയാണ് രണ്ടാം ഭാഗത്തിലെയും നായിക.