നർത്തകി അശ്വതി വി നായർ സംവിധാന രംഗത്തേക്ക്; എംടിയുടെ കഥകൾ സിനിമയാകുന്നു, മമ്മൂട്ടിയും മോഹൻലാലുമടങ്ങുന്ന താരനിര

എംടി വാസുദേവൻ നായരുടെ പത്തു കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനു വേണ്ടി ഒരുക്കുന്ന ആന്തോളജിയിൽ പ്രമുഖ നർത്തകിയും എംടിയുടെ മകളുമായ അശ്വതി വി നായരും സംവിധായികയാകുന്നു. പത്ത് ഹ്രസ്വ ചിത്രങ്ങളടങ്ങുന്ന ഈ ആന്തോളജിയിൽ മലയാളത്തിലെ പ്രമുഖ സംവിധായകരാണ് അണിനിരക്കുന്നത്. എംടി വാസുദേവൻ നായർ തിരക്കഥ നിർവഹിച്ചിരിക്കുന്ന ഈ പ്രൊജക്ടിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറും അശ്വതിയാണ്. ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷമാണ് എംടിയുടെ രചന വീണ്ടും സിനിമയാകുന്നത്. പ്രോജക്ടിലെ രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. ഓളവും തീരവും എന്ന കഥയെ ആസ്പദമാക്കി പിഎൻ മേനോൻ സംവിധാനം ചെയ്ത സിനിമയുടെ റീമേക്ക് പ്രിയദർശൻ നിർവഹിക്കുമ്പോൾ മോഹൻ ലാലാണ് നായക വേഷത്തിലെത്തുന്നത്. ബിജു മേനോൻ നായകനാകുന്ന ശിലാലിഖിതം എന്ന കഥയുടെ സംവിധാനവും പ്രിയദർശനാണ് നിർവഹിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം നിർവഹിക്കുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന കഥയിൽ മമ്മൂട്ടിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അശ്വതി വി നായർ നവാഗത സംവിധായികയായി രംഗത്തെത്തുന്നത് വിൽപന എന്ന കഥക്ക് ദൃശ്യഭാഷയൊരുക്കിക്കൊണ്ടാണ്. ആസിഫ് അലിയും മധുബാലയുമാണ് ലീഡ് റോളുകൾ ചെയ്യുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാഴ്ചയിൽ പാർവതി തിരുവോത്താണ് നായിക. സ്വർഗം തുറക്കുന്ന സമയം എന്ന കഥയുടെ ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്നത് ജയരാജാണ്. ഇന്ദ്രൻസ്, നെടുമുടി വേണു , സുരഭിലക്ഷ്മി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നെടുമുടിവേണു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന അഭയം തേടി വീണ്ടും എന്ന ചിത്രത്തിൽ സിദ്ദിഖാണ് അഭിനയിക്കുന്നത്. ഇന്ദ്രജിത്തും അപർണ ബാലമുരളിയുമാണ് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കടൽക്കാറ്റിൽ വേഷമിടുന്നത്.

നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ മലയാളത്തിന്റെ മെത്തേഡ് ആക്ടർ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ തയാറാക്കുന്ന ചിത്രം ഷെര്‍ലക്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്.. അമേരിക്കയിലുള്ള സഹോദരിയെ സന്ദർശിക്കാനെത്തിയ യുവാവിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിന്റെ സഹോദരിയായി സിനിമയിലെത്തുന്നത് നദിയ മൊയ്‍തുവാണ്. മലയാള സാഹിത്യ ലോകവും സിനിമാ പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന സിനിമയാണ് എംടിയും മകൾ അശ്വതിയും ചേർന്ന് ഒരുക്കുന്നത്. ജൂൺ മാസത്തിനകം പുറത്തിറങ്ങുമെന്ന് കരുതുന്ന സിനിമയും ചിത്രീകരണം പുരോഗമിക്കുകയാണ്.