SPOILER ALERT
കേരളമൊരു പക്ഷേ ഏറ്റവും ചർച്ച ചെയ്തിട്ടുള്ള കാര്യങ്ങളൊന്ന് സ്വർണമായിരിക്കും. ഒരോ വീടിനുള്ളിലും സ്വർണത്തിന്റെ തൂക്കവും വിലയും ആധിയും ആവേശവുമായി നിറയുന്ന മറ്റൊരു ഭൂവിഭാഗം ലോകത്തുണ്ടാകില്ല. സ്വർണമാണ് മലയാളികളെ നിശ്ചയിക്കുന്നത്. അതിന്റെ തിളക്കത്തിനും കനത്തിനും അനുസരിച്ചാണ് ജീവിതം. കേരളത്തിന്റെ ഏറ്റവും വലിയ കച്ചവടവും സ്വർണമാകും. കള്ളക്കടത്തും അതുതന്നെ. അനുദിനം വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും കള്ളക്കടത്തിലെ കുറിച്ചുള്ള കഥകൾ ഉണ്ടെങ്കിലും ഒരു വിമാനടിക്കറ്റിനും നിസാരം തുകകൾക്കും വേണ്ടി ഈ നിയമവിരുദ്ധമായ പല ഇടപാടുകളുടേയും ഇടനിലക്കാരായി നിൽക്കുന്ന അർദ്ധപട്ടിണിക്കാരും ദരിദ്രരുമാണ് മിക്കവാറും പോലീസ് കേസുകളിൽ പെടുക. ‘തങ്കം’ എന്ന സിനിമയിൽ ബിജുമേനോൻ അവതരിപ്പിക്കുന്ന മുത്ത് എന്ന മാത്യു പോലീസിനോട് പറയുന്നുണ്ട്: ‘പുറമേ നിന്ന് നോക്കുന്ന മഞ്ഞളിമയൊക്കെയേ ഈ ഫീൽഡിനുള്ളൂ’ എന്ന്.
ലോകത്തേറ്റവും അധികം പരീക്ഷിക്കണപ്പെടുന്ന ത്രില്ലർ ഴോണറാണ് പ്രോസീഡ്യുറൽ ഡ്രാമ. വലിയ അഭിനേതാക്കളും സൂക്ഷ്മ രചയിതാക്കളും സമ്മേളിക്കുന്ന ഇടം. അതിലേയ്ക്ക് മലയാളത്തിലെ ഏറ്റവും മികച്ച സിനിമ റൈറ്റർ ശ്യാംപുഷ്‌കരൻ പ്രവേശിക്കുന്നത്. ഭാവന സ്റ്റുഡിയോയും വർക്കിങ് ക്ലാസ് ഹീറോയും ചേർന്ന് നിർമ്മിച്ച് ശഹീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ ശ്യാമിന്റെ ഇതുവരെയുള്ള എഴുത്തുകളിൽ നിന്ന് വിഭിന്നമാണ്. നാട്ടിൻ പുറ ജീവിതവും അതിന് ചൂറ്റും വികസിക്കുന്ന കഥാപാത്രങ്ങളും സാധാരണ മനുഷ്യരുടെ ജീവിതായോധനങ്ങളും ചേർന്നൊരുക്കുന്ന ‘പ്രകൃതി പട’മെന്ന് വിളിക്കപ്പെടുന്ന ലളിത ലോകത്തിന്റെ സൂക്ഷമതളായിരുന്നു ശ്യാമിന്റെ ഇതുവരെയുള്ള രചനകളുടെ കാതൽ. ‘തങ്കം’ അതല്ല. മനുഷ്യർ തമ്മിലുള്ള അഗാധമായ ബന്ധങ്ങളും അതിന് തിളക്കം കൂട്ടുന്ന മുഹൂർത്തങ്ങളും ഇതിലുമുണ്ട്. പക്ഷേ അതല്ല തങ്കത്തിന്റെ വഴി. കെട്ടുപിണഞ്ഞ ഇടപാടുകളുള്ള ഒരു ബിസിനസ്, വിവിധ ദേശങ്ങളും ഭാഷയും വിവിധ സ്വാഭാവക്കാരും ചേർന്നുള്ള അന്വേഷണം എന്നിങ്ങനെ സങ്കീർണമായ ഒരു കഥാപരിസരത്തെയാണ് ശഹീദ് അറാഫത്ത് പ്രൊസീഡ്യുറൽ ഡ്രാമയുടെ ഴോണർ ഉപേക്ഷിക്കാതെ, ത്രില്ലർ ഇലമെന്റുകൾ നിലനിർത്തി ഒരുക്കിയിട്ടുള്ളത്.
കേരളത്തിന്റെ സ്വർണ കച്ചവടത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തൃശൂരിൽ ഈ വലിയ വ്യവസായത്തിന്റെ ഇടയിലെവിടെയോ കണ്ണികളായ രണ്ട് പേരാണ് മാത്യു അഥവാ മുത്തും കണ്ണാപ്പി എന്ന് ചങ്ങാതിമാർ വിളിക്കുന്ന കണ്ണനും. അടുത്ത സുഹൃത്തുക്കൾ, പങ്കുകച്ചവടക്കാർ. സ്വർണക്കടകളിൽ നിന്ന് തങ്കം വാങ്ങുന്നു, അതിനുള്ള തൂക്കത്തിലുള്ള മനോഹരമായ ആഭരണങ്ങൾ നിർമ്മിച്ച് തിരിച്ച് ഈ കടകൾക്ക് നൽകുന്നു. ഇതാണ് മുത്തിന്റേയും കണ്ണന്റേയും ബിസിനസ്.

തങ്കത്തിൽ ചെമ്പ് കൂടി ചേർത്താണ് സ്വർണാഭരണങ്ങൾ ഉണ്ടാക്കുന്നത് എന്നതിനാൽ ആ ചേർക്കുന്ന ചെമ്പിന്റെ അളവ് തങ്കം ഒരോ ആഭരണത്തിൽ നിന്നും മിച്ചം പിടിക്കുന്നതാണ് അവരുടെ ലാഭം. നൂറ് ശതമാനം ലെജിറ്റിമേറ്റ് ആയ ബിസിനസ് ആണോ? അങ്ങനെയൊരു ബിസിനസുമില്ലെന്ന് ഇതിലൊരു കഥാപാത്രം പറയുന്നുണ്ട്. മുത്താണ് ആഭരണം ഉണ്ടാക്കുന്നത്. അയാളുടെ ഭാഷയിൽ പറഞ്ഞാൽ ക്രാഫ്റ്റ് മാത്രമേ അറിയൂ. കച്ചവടം അറിയില്ല. അതറിയാവുന്നത് കണ്ണനാണ്. പലഭാഷകൾ സംസാരിക്കും. നന്നായി പെരുമാറും. മര്യാദകളും രീതികളും അറിയാം. മനുഷ്യരെ പരിചയമുണ്ട്.
വിവിധ കടകളിൽ ആഭരണങ്ങൾ നൽകാനും പകരം തങ്കം കളക്ട് ചെയ്യാനുമായി കോയമ്പത്തൂർ വഴി മുംബൈയിലേയ്ക്ക് പോവുകയാണ് കണ്ണൻ. കണ്ണനെ കോയമ്പത്തൂരിൽ ഡ്രോപ് ചെയ്യാൻ മുത്തും അവരുടെ പൊതു സുഹൃത്തായ ബിജോയിയും പോകുന്നുണ്ട്. റമ്മി ടൂർണമെന്റിൽ പങ്കെടുക്കേണ്ട മുത്തും മീൻ വാങ്ങാൻ നിൽക്കുന്നതിനിടയിൽ നിന്ന് ഉടുത്ത മുണ്ടുമാറാതെ ജട്ടിപോലും ഇടാതെ കാറിൽ കയറിയ ബിജോയിയും കോയമ്പത്തൂരിൽ പോകാൻ ഒരുങ്ങുന്നത് അവിടെ കണ്ണന് പരിചയമുള്ള ‘കൂൾ ബ്രീസ്’ എന്ന ഹോട്ടലിലെ ചില ആനന്ദങ്ങൾക്ക് വേണ്ടിയാണ്. ആ യാത്ര, അതേ തുടർന്നുള്ള കണ്ണന്റെ മുംബൈയാത്ര എന്നിവയാണ് ‘തങ്കം’ എന്ന സിനിമയുടെ അടിസ്ഥാനം.
അവിടെ നിന്ന് വിഖ്യാത മറാത്തി നടൻ ഗിരീഷ് കുൽക്കർണി അവതരിപ്പിക്കുന്ന ജയന്ത് സഖാൽക്കർ എന്ന പോലീസുദ്യോഗസ്ഥൻ നയിക്കുന്ന ഒരു അന്വേഷണമാണ് സിനിമ. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘മഹാരാഷ്ട്ര പോലീസ് ഈസ് ഇൻവെസ്റ്റിഗേറ്റിങ് എ മല്ലു മർഡർ കേസ് ഇൻ തമിൾനാടു’. ആ പോലീസ് പ്രൊസീഡ്യുറിന്റെ താളത്തിലേയ്ക്ക് സിനിമ നീങ്ങുമ്പോൾ ചില മനുഷ്യർ കൂടി അതിന്റെ ഭാഗമായി മാറുന്നു. പലരും കൂടിച്ചേരുന്നു. പക്ഷേ, നമുക്കേറ്റവും അറിയാവുന്നുവെന്ന് നമ്മൾ കരുതുന്നവരെ കുറിച്ച് ശരിക്കും നമുക്ക് അറിയാമോ? ചങ്ങാതിയെ കുറിച്ച്, മകനെ കുറിച്ച്, ഭർത്താവിനെ കുറിച്ച്? ചിരിച്ചും തമാശപറഞ്ഞും വൈകീട്ട് വിളിക്കാമെന്ന് ഫോണിൽ പറഞ്ഞും പിരിയുന്നവർക്ക് വേറെ ജീവിതവും രഹസ്യങ്ങളുമുണ്ടോ?
കൊച്ചുപ്രേമൻ ചേട്ടൻ ഒരു തോറ്റ മനുഷ്യനായാണ് അവസാന സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹത്തോളം ജയിച്ച മനുഷ്യരില്ല എന്ന് തോന്നും. ആ ചെറിയ ശരീരം ഒരു പോലീസ് സ്റ്റേഷൻ കസേരയിൽ ഇരിക്കുമ്പോൾ ഭാരങ്ങൾ കൊണ്ട് ഞെരുങ്ങുന്നത് കാണാം. മരണവും ജീവിതവും തമ്മിലുള്ള ബല പരീക്ഷണങ്ങളിൽ തളർന്ന് പോയ ഒരാളായി ഒരു ഗോവണിക്ക് കീഴിൽ അയാൾ നിൽക്കുന്നത് കാണുമ്പോൾ, പടച്ചവനേ, അയാളിനി ഇല്ലല്ലോ എന്നോർത്തുപോയി. ഒരു ഇന്ററോഗേഷനിൽ രണ്ട് വരിയിൽ അയാളൊരു ജീവിതം വിവരിക്കുന്നുണ്ട്. അയാളുടെ, മകന്റെ, കുടുംബത്തിന്റെ. കൊച്ചുപ്രേമൻ എന്ന നടന്റെ കുറച്ച് നേരങ്ങൾക്ക് വേണ്ടി മാത്രം വേണമെങ്കിൽ ‘തങ്കം’ കാണാം. ഈ സിനിമ, ആ മനുഷ്യനുള്ള ട്രിബൂട്ട് കൂടിയാണ്.
മാത്യുവെന്ന തൃശൂരിലെ സ്വർണകച്ചവടക്കാരന്, മുത്തെന്ന പേര് ലേശം ഓവറല്ലേ എന്ന് തോന്നും. അല്ല, ബിജുമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനല്ല. പക്ഷേ ഡയലോഗ് ഡെലിവറി മുതൽ ഒരോ ഇഞ്ചിലും ബിജുമേനോൻ തനൊരു ഒരു അസാധ്യനടൻ കൂടിയാണ് എന്ന് അടിവരയിടുന്നുണ്ട്. ഒരു പോലീസ് സ്റ്റേഷൻ രംഗത്ത്, കൂട്ടുകാരൻ താനൊരു തോൽവിയാണ് എന്നാക്ഷേപിക്കുമ്പോൾ, ഒരു കാറിലിരുന്ന് മരിച്ച് പോയ ചങ്ങാതിയുടെ കൂടെ നിൽക്കാൻ പറ്റാതായിപ്പോയതിൽ സങ്കടപ്പെടുമ്പോൾ ബിജുമേനോൻ സൂക്ഷ്മമായി മുത്തായി മാറുന്നു. എന്തൊരു തരം ആഴമേറിയ അനുഭവമാണത്!

രണ്ട് വിനീതുമാരുണ്ട്. വിനീത് ശ്രീനിവാസനെന്ന പ്രശസ്ത ചലച്ചിത്രകാരനും വിനീത് തട്ടിൽ എന്ന നടനും. ആ രണ്ട് പേരും തങ്ങളുടെ വിനീത സാന്നിധ്യങ്ങളെ ഉപേക്ഷിച്ച് ആധികാരികതയോടെ, തെല്ലഹങ്കാരത്തോടെ അഭിനേതാക്കളുടെ വലിയ കസേരകളിൽ ഇരിക്കുകയാണ് ഇവിടെ. മുകുന്ദനുണ്ണിയിലെ വിനീത് ശ്രീനിവാസന്റെ റോൾ പോലെ സങ്കീർണമെങ്കിലും നിശ്ചിത ഗ്രാഫിന്റെ പരിധിയിൽ സഞ്ചരിക്കുന്ന റോളല്ല ഇത്. കണ്ണൻ എന്ന കണ്ണാപ്പി കുടുംബസ്ഥനിൽ നിന്നും സുഹൃത്തിൽ നിന്നും ക്ഷുഭിതനും നിരാശനുമായ മനുഷ്യനിൽ നിന്നും ഭക്തനിൽ നിന്നുമെല്ലാം അകലെയാണ്. മിടുക്കനാണ്, പലഭാഷകൾ അറിയാവുന്നവനാണ്. നന്നായി പെരുമാറാനും സന്ദർഭങ്ങളിൽ ഇടപെടാനും അറിയാം. ചങ്കുപോലുള്ള ചങ്ങാതിമാരുണ്ട്. എന്നിട്ടുമെന്ത്? തോറ്റുപോയി.
വിനീത് തട്ടിലിന്റെ ബിജോയി ഒരു ദേശമാണ്. ആ ദേശത്തിന്റെ വെളിച്ചവും തെളിച്ചവുമുണ്ട് അതിൽ. ഒരു പക്ഷേ, ഏറ്റവും വെൽ റിട്ടൺ കാരക്ടർ ബിജോയ് ആകും തങ്കത്തിൽ. അംബിക ചേച്ചിയും അങ്ങനെ തന്നെ. ഇന്ദിരബായ് പ്രസാദ് എത്രയോ കാലമായി ഇരിങ്ങാലക്കുട പരിസരങ്ങളിലും സിനിമയും ഒരുപോലെ ഉണ്ടെന്ന് തോന്നും. കൂടുതലോ കുറവുകളോ ഇല്ല. പുതുമയോ പഴക്കമോ ഇല്ല. സ്വർണമല്ലേ, കച്ചവടം.
ഒറ്റരംഗത്തിലോ മറ്റോ മാത്രമാണെന്ന് തോന്നുന്നു കണ്ണാപ്പിയുടെ അമ്മയെ കാണിക്കുന്നത്. തകർന്ന ജീവിതത്തെ, അഗാധമായ ദുഖങ്ങളെ നാട്ടിൻപുറങ്ങളിലെ മനുഷ്യർ ഉൾക്കൊള്ളുമ്പോഴുള്ള അപാരമായ നിർമമത അവരിൽ കാണാം. നൈരാശ്യത്തിന്റെ മറുകരയിൽ ഭക്തിയെ പ്രതിഷ്ഠിച്ചുള്ള അലൗകിമായ ശാന്തത. അപർണ ബാലമുരളി, വിക്കിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യുവാവ്, വിക്കിയുടെ കാമുകി കൂടിയായ ഇസ്റ്റ റീൽ താരം യുവതി, അലക്‌സ് എന്ന ഇന്റർപ്രറ്റർ പോലീസുകാരൻ എന്നിങ്ങനെ ചെറിയ കഥാപാത്രങ്ങൾ എഴുത്തുകൊണ്ട് ഉജ്ജ്വലമാകുന്ന പല കഥാപാത്രങ്ങൾ കൂടി ചേരുമ്പോൾ തങ്കം മറ്റൊരു അനുഭവമാകുന്നു.